blasters

ഐ.എസ്.എല്ലിൽ ഇന്ന് ബെംഗളുരു എഫ്.സിക്കെതിരായ മത്സരം

കൊവിഡിൽ നിന്ന് മുക്തരാകാതെ കേരള ബ്ളാസ്റ്റേഴ്സ്

മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്ന് നിശ്ചയിച്ചിരിക്കുന്ന ബെംഗളൂരു എഫ്‌.സിക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങാൻ താരങ്ങൾ തികയുമോ എന്ന ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. താരങ്ങൾക്കും പരിശീലകർക്കും കൊവിഡ് ബാധിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. ഇന്നത്തെ മത്സരത്തിനായി താരങ്ങളെല്ലാം കായികക്ഷമത വീണ്ടെടുത്തിട്ടില്ല. എന്നാൽ ചെറിയ ഇടവേളയ്ക്ക് ശേഷം ടൂർണമന്റ് നടത്തുകയാണ് സംഘാടകർ.

പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന ബ്ളാസ്റ്റേഴ്സ് രണ്ട് മത്സരങ്ങൾ മാറ്റിവച്ചതോടെ മൂന്നാം സ്ഥാനത്താണ്. 13കളികളിൽ നിന്ന് 23 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് ഒന്നാമത്. 12 കളികളിൽ നിന്ന് 22 പോയിന്റുമായി ജംഷഡ്പുർ എഫ്.സിയാണ് രണ്ടാമത്. ബ്ളാസ്റ്റേഴ്സിന് 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണുള്ളത്.

കബഡിയാണെങ്കിൽ റെഡി : കോച്ച്

ലീഗിൽ തുടർന്നുള്ള മത്സരങ്ങൾക്കായി ടീം തയ്യാറെടുത്തിട്ടില്ലെന്നും താരങ്ങളെല്ലാം തന്നെ ക്വാറന്റീനിലായിരുന്നുവെന്നും അവർക്ക് കഴിഞ്ഞ ദിവസം വരെ മുറിക്ക് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ലെന്നും കേരള ബ്ളാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. കബഡി കളിക്കാനാണെങ്കിൽ ഇന്ന് ഏഴോ എട്ടോ കളിക്കാരെ അണിനിരത്താം.എന്നാൽ ഫുട്‌ബാൾ കളിക്കാൻ പൂർണഫിറ്റ്നസുള്ള താരങ്ങൾ ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിനു മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വുകോമനോവിച്ച് ഇക്കാര്യം പറഞ്ഞത്.

ഐ.എസ്.എൽ ബയോ ബബിൾ ആഡംബരം നിറഞ്ഞ തടവറയ്ക്ക് സമാനമാണെന്നും വുകോമനോവിച്ച് പറഞ്ഞു. ഒഡീഷയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഒഡീഷ ക്യാമ്പിൽ കൊവിഡ് കേസുകൾ ഉണ്ടായിരുന്നു. അതറിഞ്ഞിട്ടും കളിയുമായി മുന്നോട്ട് പോയി. അതുകൊണ്ടാണ് ടൂർണമന്റിൽ രോഗവ്യാപനമുണ്ടായതെന്നും വുകോമനോവിച്ച് കുറ്റപ്പെടുത്തി.