
ആര്യനാട്: നെടുമങ്ങാട് പോക്സോ കോടതിയിൽ തുടർച്ചയായ ശിക്ഷാവിധികൾ. മൂന്ന് പോക്സോ കേസിലും ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസിലുമാണ് കോടതി വിധി പ്രസ്താവിച്ചത്.
24 മുതൽ 28 വരെയുള്ള തുടർച്ചയായ ദിവസങ്ങളിൽ പോക്സോ കോടതി വിധി പറഞ്ഞതും കോടതിയുടെ ചരിത്രമായി മാറി. ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നടത്തി പ്രലോഭിപ്പിച്ച് ബലാത്സംഗം നടത്തി ഗർഭിണിയാക്കിയ കേസിൽ ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് പ്രതിക്ക് ചുമത്തിയത്. ഡാൻസ് ക്ലാസ് നടത്താൻ കടമുറി നൽകിയശേഷം ഇവിടെ വച്ച് പ്രതിയായ വിതുര ആനപ്പാറയിൽ പാപ്പച്ചൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയെ സംരക്ഷിക്കുന്നതിനോ കുഞ്ഞിനെ വളർത്തുന്നതിനോ ഒരു സഹായവും നൽകാതെ ഇയാൾ മുങ്ങി. ഇതോടെ കുടുംബവും യുവതിയെ ഉപേക്ഷിച്ചു. പിഴത്തുക പ്രതി യുവതിക്ക് നൽകണമെന്നും അല്ലാത്തപക്ഷം ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
രണ്ട് പോക്സോ കേസിൽ പതിനൊന്ന് വർഷം വീതം കഠിനതടവിനും 35,000 രൂപ വീതം പിഴയുമാണ് പ്രതികൾക്ക് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത പതിനാറുകാരിയായ പട്ടിക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചതാണ് ആദ്യ കേസ്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ അതിക്രമിച്ചു കയറി അയൽവാസിയായ ആര്യനാട് ചേരപ്പള്ളി പ്രശാന്ത് ഭവനിൽ പ്രശാന്താണ് (25) ഭീഷണിപ്പെടുത്തി പലതവണയായി പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
ഒടുവിൽ പീഡിപ്പിച്ചത് 2013ലാണ്. യുവതി ഭീഷണിയെ ഭയന്ന് സംഭവം പുറത്തു പറഞ്ഞതുമില്ല. പതിന്നാല് സാക്ഷികളെ കേസിൽ വിസ്തരിച്ചു. 15 രേഖ ഹാജരാക്കി. നാല് തൊണ്ടിമുതൽ തെളിവാക്കി.
വിതുര പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്. വയനാട് കൽപ്പറ്റയിൽ വാടക വീടെടുത്ത് തടങ്കലിലാക്കി വിവാഹ വാഗ്ദാനം നടത്തിയായിരുന്നു ബലാത്സംഗം. തൊളിക്കോട് തോട്ടുമുക്ക് മണലയം തടത്തരികത്ത് സുമയ്യാ മൻസിലിൽ സിദ്ധിഖാണ് (നിസാർ-23) പ്രതി. 2009ലായിരുന്നു സംഭവം. പതിമ്മൂന്ന് സാക്ഷികളെ വിസ്തരിച്ചു. 25 രേഖകൾ ഹാജരാക്കി. ഏഴ് തൊണ്ടി മുതൽ തെളിവാക്കി. ഇരു പോക്സോ കേസിലെയും പ്രതികൾ പിഴത്തുക മുഴുവൻ ഇരകൾക്ക് നൽകണം. അല്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. മറ്റൊരു കേസിൽ ഒന്നുമുതൽ ആറാം ക്ലാസ് വരെ ബാലികയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് 27 വർഷം കഠിന തടവും 65,000 രൂപ പിഴയും വിധിച്ചു. ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജുഭവനിൽ പ്രഭാകരൻ കാണിയെയാണ് (55) ശിക്ഷിച്ചത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് എസ്.ആർ. ബിൽകുലാണ് ശിക്ഷകൾ വിധിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി പ്രോസിക്യൂഷനുവേണ്ടി ഹാജരായി.