
ന്യൂഡൽഹി: ഗർഭിണികളായ സ്ത്രീകൾക്ക് നിയമനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം തത്ക്കാലത്തേക്ക് നടപ്പാക്കുന്നില്ലെന്ന് എസ് ബി ഐ. എന്നാൽ ഈ വിഷയത്തിൽ നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ തുടരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. നിരവധി സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് എസ് ബി ഐ വിവാദ സർക്കുലർ തിരുത്താൻ തയ്യാറായത്.
നിയമനത്തിന് പരിഗണിക്കപ്പെടുന്ന സ്ത്രീകൾ മൂന്ന് മാസത്തിന് മുകളിൽ ഗർഭിണികളാണെങ്കിൽ അവരുടെ നിയമനത്തിന് താത്ക്കാലിക അയോഗ്യത നൽകുന്നതായിരുന്നു എസ് ബി ഐ കഴിഞ്ഞദിവസം പുറപ്പെടുവിച്ച സർക്കുലർ. സർക്കുലർ സ്ത്രീകൾക്കെതിരെയുള്ള വിവേചനമാണെന്ന് കാണിച്ച് നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയും വനിതാ കമ്മീഷൻ സർക്കുലറിനെതിരെ എസ് ബി ഐക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
എസ് ബി ഐയിൽ നേരത്തെ ഗർഭിണികളുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. ഏറെനാളത്തെ പ്രതിഷേധത്തിന്റെ ഫലമായി 2009ലാണ് ഈ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നത്. എന്നാൽ പുതിയ സർക്കുലർ പഴയ നിയന്ത്രണങ്ങൾ മടക്കികൊണ്ട് വരുന്നതിനുള്ള ശ്രമമാണെന്ന് ആരോപണമുയർന്നിരുന്നു.