
നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഉപേക്ഷിച്ച കേസിൽ അരുമാനൂർ മണലിത്തോട്ടം വീട്ടിൽ ജിനുദാസിന് (38) 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചു. ജഡ്ജി വി. ഉദയകുമാറിന്റേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ 2 വർഷംകൂടി തടവ് അനുഭവിക്കണം. 2013ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൂട്ടിരിക്കാനെത്തിയത് പെൺകുട്ടിയായിരുന്നു. ഈ സമയത്ത് പ്രതിയും ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയിരുന്നു. ഈ അവസരത്തിൽ പ്രതി പെൺകുട്ടിയുമായി അടുപ്പംകൂടി വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ചെയ്ത ശേഷം ഉപേക്ഷിച്ചതായാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ ഹാജരായി.