 
അതിജീവനത്തിന്റെ രണ്ട് വർഷങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം തികയുമ്പോൾ പുതിയ പ്രതീക്ഷയുമായി പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇപ്പോൾ നമ്മൾ മൂന്നാം തരംഗത്തിലാണ്. കൊവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോണിനെയും കേരളം ഒറ്റക്കെട്ടായി അതിജീവിക്കും. അതിനായി ജാഗ്രതയും കരുതലും തുടരണം.
സംസ്ഥാനത്ത് മുൻ ആഴ്ചകളെ അപേക്ഷിച്ച് കൊവിഡ് വ്യാപനത്തോത് കുറഞ്ഞു വരുന്നത് ആശ്വാസമാണ്. മൂന്നാം തരംഗം തുടങ്ങിയ ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വർദ്ധനയും രണ്ടാം ആഴ്ച 148 ശതമാനം വർദ്ധനയും മൂന്നാം ആഴ്ച 215 ശതമാനം വർദ്ധനയുമാണുണ്ടായത്. എന്നാൽ, കഴിഞ്ഞയാഴ്ച 71 ശതമാനം കേസുകൾ കുറഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും കുറഞ്ഞ് 57 ശതമാനം.
ഒന്നാം തരംഗത്തത്തിലും രണ്ടാം തരംഗത്തിലും അവലംബിച്ച തന്ത്രങ്ങളല്ല മൂന്നാം തരംഗത്തിൽ. ഒന്നാം തരംഗത്തിൽ കൊവിഡ് വാക്സിനേഷൻ ഇല്ലായിരുന്നു. രണ്ടാം തരംഗത്തിൽ വാക്സിനേഷൻ കുറവായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് പ്രായപൂർത്തിയായവരുടെ ആദ്യഡോസ് വാക്സിനേഷൻ 100 ശതമാനമാണ്. രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനവും. കുട്ടികളുടെ വാക്സിനേഷൻ 70 ശതമാനമായി. കരുതൽ ഡോസ് വാക്സിനേഷനും പുരോഗമിക്കുന്നു. മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്സിജന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഓക്സിജൻ കരുതൽ ശേഖരമുണ്ട്.
ഒമിക്രോൺ മൂന്നാം തരംഗ തീവ്രതയിൽ 3 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിവാസം വേണ്ടി വരുന്നത്. അതിനാൽ ആശുപത്രികളിലും ഐ.സി.യുകളിലും രോഗികളുടെ വലിയ വർദ്ധനവില്ല. ഇപ്പോൾ ഗൃഹപരിചരണമാണ് പ്രധാനം. ഗൃഹ പരിചരണത്തിൽ അപായ സൂചനകൾ ഉണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് ചികിത്സ തേടണം. എത്രയും വേഗം തന്നെ കൊവിഡിനെ അതിജീവിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.