ukraine

മോസ്കോ : യുക്രെയിൻ വിഷയത്തിൽ തർക്കം തുടരുന്നതിനിടെ അയൽരാജ്യമായ ബെലറൂസിൽ സൈനികാഭ്യാസത്തിനൊരുങ്ങി റഷ്യ. റഷ്യൻ സൈനികർ ബെലറൂസിലെത്തുന്നതിന്റെ ദൃശ്യങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടത്. ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 20 വരെയാണ് സൈനികാഭ്യാസം നടക്കുക. നിലവിൽ ഒരു ലക്ഷത്തോളം സൈനികരെ റഷ്യ യുക്രെയിൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.

സൈനികരെയും ആയുധങ്ങളെയും പരിശീലനത്തിനായി റഷ്യ ബെലറൂസിൽ എത്തിച്ചിരിക്കുന്ന സാഹചര്യം തങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റെൻബർഗ് പറഞ്ഞു. 12 പാൻസിർ മിസൈലുകളും ആന്റി എയർക്രാഫ്റ്റ് ആർട്ടിലറി സിസ്റ്റത്തിന്റെ ശ്രേണിയും റഷ്യ ബെലറൂസിൽ വിന്യസിച്ചിട്ടുണ്ട്. കാർഗോ ട്രെയിനിലാണ് പാൻസിർ മിസൈലുകൾ എത്തിച്ചിരിക്കുന്നത്. 12 ആന്റി എയർക്രാഫ്റ്റ് മിസൈലുകളെ വീതം വഹിക്കുന്ന 12 കോംപാക്ട് വാഹനങ്ങളും സൈനിക വ്യൂഹത്തിനൊപ്പമുണ്ട്.

സൈനികാഭ്യാസത്തിനായി ബെലറൂസിൽ സുഖോയ് എസ്.യു - 35 യുദ്ധവിമാനങ്ങളുടെ പുനർവിന്യാസം പൂർത്തിയായെന്നും റഷ്യ അറിയിച്ചു. തങ്ങളുടെ സംയുക്ത സൈനികാഭ്യാസം ബാഹ്യ ആക്രമണത്തെയും ഭീകരതയേയും അടിച്ചമർത്തുന്നതിനും പിന്തിരിപ്പിക്കുന്നതിനും വേണ്ടി ശ്രദ്ധകേന്ദ്രീകരിക്കാനാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കുന്നു.

 ഒപ്പമുണ്ടെന്ന് ലുകാഷെൻകോ

സഖ്യകക്ഷിയായ റഷ്യയ്ക്ക് നേരെ ആക്രമണമുണ്ടായാൽ അവർക്കൊപ്പം പോരാടുമെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ. ടെലിവിഷൻ അഭിസംബോധനയ്ക്കിടെയാണ് ലുകാഷെൻകോയുടെ പ്രസ്താവന. യുക്രെയിനെ ആക്രമിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് റഷ്യ ആവർത്തിക്കുന്നതിനിടെയാണ് ലുകാഷെൻകോയുടെ പരാമർശം.

റഷ്യയ്ക്ക് നേരെയോ ബെലറൂസിന് നേരെയോ ആക്രമണമുണ്ടായാൽ ആയിരക്കണക്കിന് റഷ്യൻ സൈനികരെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്നും എന്നാൽ, ഒരു യുദ്ധമുണ്ടായാൽ ആരും വിജയിക്കില്ലെന്നും എല്ലാം നഷ്ടപ്പെടുമെന്നും ലുകാഷെൻകോ പറഞ്ഞു. ബെലറൂസിന്റെ പ്രധാന രാഷ്ട്രീയ, സാമ്പത്തിക സഖ്യകക്ഷിയാണ് റഷ്യ. 2020ൽ തിരഞ്ഞെടുപ്പിനിടെ ലുകാഷെൻകോയ്ക്കെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും റഷ്യയുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.

 പ്രത്യാഘാതം ഭീകരമാകുമെന്ന് മുന്നറിയിപ്പ്

യുക്രെയിനെ ആക്രമിക്കാൻ റഷ്യ മുതിർന്നാൽ കാര്യങ്ങൾ ഭീകരമായി ഭവിക്കുമെന്നും വൻ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും മുന്നറിയിപ്പുമായി യു.എസ് ഉന്നത സൈനിക മേധാവി ജനറൽ മാർക്ക് മില്ലി പറഞ്ഞു.

ഇതിനിടെ കിഴക്കൻ യൂറോപ്പിലേക്ക് ചെറിയ തോതിൽ സൈനികരെ അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സൂചന നൽകി.

അതേ സമയം, അതിർത്തിയിൽ റഷ്യൻ സേനാ വിന്യാസത്തിന്റെ പേരിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. നിലവിൽ നേരത്തെ ഉണ്ടായിരുന്നതിലും കൂടുതൽ ഭീഷണി മുന്നിലില്ലെന്നും കീവിൽ നടന്ന വാർത്താ സമ്മേളനത്തിൽ സെലെൻസ്കി പറഞ്ഞു.

ബഹുമാന്യരായ പല രാഷ്ട്ര തലവൻമാർ പോലും നാളെ യുദ്ധമുണ്ടാകുമെന്ന് പറയുന്നു. ഇത് പരിഭ്രാന്തി പരത്തുന്നതാണ്. രാജ്യത്തിനകത്തെ സ്ഥിതിഗതികൾ അസ്ഥിരപ്പെടുന്നതാണ് നിലവിൽ യുക്രെയിനിലെ ഏറ്റവും വലിയ ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.