
നാഗർകോവിൽ: കന്യാകുമാരിയിലെ ലോഡ്‌ജിൽ യുവാവിനെ മദ്യലഹരിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കന്യാകുമാരി സഹായമാതാ തെരുവ് സ്വദേശി പീറ്ററിന്റെ മകൻ കവാസ്കറിനെ (38) കൊലപ്പെടുത്തിയ സംഭവത്തിലാണ് സുഹൃത്തായ ഇരുദയ ജോൺസ് രാജയെ (36) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിലുള്ള എസ്.ഐ സുരേഷ് കുമാറിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് പറയുന്നത് : കഴിഞ്ഞ ദിവസം രാത്രി കവാസ്കറും സുഹൃത്തുക്കളായ ഇരുദയ ജോൺസ് രാജയും റോബൻസും ചേർന്ന് ലോഡ്ജിൽ ഇരുന്ന് മദ്യപിക്കുമ്പോൾ ഇരുദയ ജോൺസ് രാജയ്ക്കും, കാവസ്കറിനുമിടയിൽ വാക്കുതർക്കമുണ്ടായി. ഉടൻ ഇരുദയ ജോൺസ് രാജ മറച്ച് വച്ചിരുന്ന കത്തിയെടുത്ത് കവാസ്കറിന്റെ കഴുത്ത് അറുത്തശേഷം രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ടെത്തിയ ആളുകളും റോബൻസും ചേർന്ന് കവാസ്കറിനെ നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒളിവിൽ പോയിരുന്ന പ്രതിയെ ഇന്നലെ പ്രത്യേക സംഘം പിടികൂടി കന്യാകുമാരി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.