
കറാച്ചി: മൊബൈൽ ഗെയിമായ പബ്‌ജി കളിക്കുന്നതിന് വഴക്ക് പറഞ്ഞ അമ്മയേയും സഹോദരങ്ങളേയും കൂട്ടകൊല ചെയ്ത് പതിനാലുകാരൻ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പാകിസ്ഥാനിലെ ആരോഗ്യപ്രവർത്തകയായ നഹീദ് മുബാറക്കും (45) മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. 22 മാസം പ്രായമുള്ള മകനും 11ഉം 17ഉം വയസ് പ്രായമുള്ള പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. നഹീദിന്റെ 14ഉകാരനായ മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
ഭർത്താവുമായി ബന്ധം പിരിഞ്ഞ നിഹാദ് നാല് മക്കളോടൊപ്പമായിരുന്നു താമസം. ഇതിൽ മൂത്ത മകൻ പബ്‌ജി കളിക്ക് അടിമയായിരുന്നു. ഇതിനെതുടർന്ന് ഇടക്ക് ചില മാനസിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മകന്റെ പബ്‌ജി കളി നിയന്ത്രിക്കുന്നതിന് വേണ്ടി നിഹാദ് സ്ഥിരമായി വഴക്ക് പറയാറുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവം നടന്ന ദിവസവും പതിവുപോലെ മകനെ വഴക്ക് പറഞ്ഞ നിഹാദ് ഉറങ്ങികിടന്ന അവസരത്തിലാണ് മകൻ നിഹാദിന്റെ തന്നെ തോക്കെടുത്ത് അമ്മയേയും മൂന്ന് സഹോദരങ്ങളെയും കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ ഈ മകൻ തന്നെയാണ് അയൽക്കാരെ വിവരം അറിയിക്കുന്നത്. പാകിസ്ഥാനിൽ പബ്‌ജിയുമായി ബന്ധപ്പെട്ട് അടുത്തിടെ നടക്കുന്ന നാലാമത്തെ കൊലപാതകമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.