
ചെന്നൈ: ദൈവം സർവവ്യാപിയാണെന്നും ദൈവിക സാന്നിദ്ധ്യത്തിനായി ഒരു പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും നിരീക്ഷിച്ച മദ്രാസ് ഹൈക്കോടതി ദേശീയപാതയുടെ ഉടമസ്ഥതയിലുള്ള പൊതുഭൂമിയിൽ ക്ഷേത്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ഉത്തരവിട്ടു. തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിലെ വേപ്പൻതട്ടയിലെ ക്ഷേത്രം പൊളിച്ചു മാറ്റുന്നതിനായി സംസ്ഥാന ദേശീയപാത വിഭാഗം നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പെരിയസാമി നല്കിയ ഹർജിയിലാണ് ജസ്റ്റിസ് എസ്.വൈദ്യനാഥൻ, ഡി. ഭാരത ചക്രവർത്തി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന വിധി.
മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നത് മതഭ്രാന്താണെന്നും, ഇതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്ക് പിന്നിലെന്നും കോടതി പറഞ്ഞു.
അനധികൃതമായി പണിത ക്ഷേത്രം നീക്കം ചെയ്യാനുള്ള നോട്ടീസിനെതിരെ നല്കിയ ഹർജിയിൽ ഈ ക്ഷേത്രം മൂന്ന് പതിറ്റാണ്ട് മുൻപ് നിർമ്മിച്ചതാണെന്നും ഇന്നുവരെ പൊതുജനങ്ങൾക്ക് യാതൊരു വിധ പ്രശ്നങ്ങളും ക്ഷേത്രം മൂലമുണ്ടായിട്ടില്ലെന്നും പെരിയസാമി വാദിച്ചു. എന്നാൽ ഭൂമി ക്ഷേത്രത്തിന്റേതാണെന്ന് അവകാശപ്പെടുന്ന ഹർജിക്കാരൻ അത് തെളിയിക്കുന്ന മതിയായ രേഖകൾ കോടതിയിൽ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. സർക്കാർ ഭൂമി, ജാതി- മത വ്യത്യാസമില്ലാതെ ഈ രാജ്യത്തെ ജനങ്ങൾക്കുള്ളതാണെന്നും ഹർജിക്കാരന്റെ ആവശ്യം അംഗീകരിച്ചാൽ ഇത് ഒരു കീഴ്‌വഴക്കമാക്കി പൊതുസ്ഥലം കൈയേറി മറ്റുള്ളവരും ആരാധനാലയങ്ങൾ പണിയാൻ സാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമം എല്ലാവർക്കും ഒരു പോലെയാണെന്നും അനധികൃതമായി ഭൂമി കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.