kk

റിപ്പബ്ലിക് ദിനത്തിൽ ഒ.ടി.ടിയിൽ റിലീസ് ചെയ്ത ബ്രോ ഡാഡിക്ക് റെക്കാഡ് നേട്ടം. ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്. റിലീസ് ദിവസത്തെ രണ്ട് റെക്കാഡാണ് ചിത്രം സ്വന്തം പേരിലാക്കിയത്. ചിത്രം പുറത്തിറങ്ങിയ ആദ്യദിവസം ഏറ്റവും കൂടുതൽ വരിക്കാരെ ഉണ്ടാക്കിയ ചിത്രമെന്ന റെക്കാാഡാണ് ബ്രോ ഡാഡി കുറിച്ചത്. ഇതോടൊപ്പം, റിലീസിന്റെ ആദ്യദിവസം ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ ചിത്രമെന്ന നേട്ടവും ബ്രോ ഡാഡി നേടി. സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ നേട്ടം പൃഥ്വിരാജ് ആരാധകരുമായി പങ്കുവച്ചു.

മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരാണ് തിരക്കഥ. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ദീപക് ദേവാണ് സംഗീത സംവിധായകൻ. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദർശൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.