sania-mirza

സിഡ്‌നി: ഈ സീസണിന്റെ അവസാനം ടെന്നിസിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം വളരെനാളുകളായി ആലോചിച്ചശേഷം എടുത്ത തീരുമാനമായിരുന്നെന്ന് ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിർസ പറഞ്ഞു. ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കുന്നതിനിടെയിലാണ് സാനിയ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ അപ്രതീക്ഷിതമായി സാനിയ ഇക്കാര്യം പറഞ്ഞപ്പോൾ പത്രസമ്മേളനത്തിൽ പങ്കെടുത്ത മാദ്ധ്യമപ്രവ‌ർത്തകർക്ക് വാ‌ർത്ത ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. 35കാരിയായ സാനിയ ടെന്നിസിൽ നിന്ന് വിരമിക്കുന്നത് വളരെനേരത്തെയായിപോയെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.

എന്നാൽ തന്റെ ശരീരം പഴയപോലെയല്ലെന്നും പരിക്കിൽ നിന്നും മോചിതയാകാൻ ദീർഘനാളുകളെടുക്കുന്നത് തന്റെ പരിശീലനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സാനിയ വ്യക്തമാക്കി. അതേസമയം സീസണിന്റെ അവസാനം വിരമിക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചത് കുറച്ച് നേരത്തെയായി പോയെന്ന് സാനിയ വ്യക്തമാക്കി. പ്രഖ്യാപനം നടത്താൻ താൻ തിരഞ്ഞെടുത്ത സമയം തെറ്റിപോയെന്നും വ‌ർഷത്തിന്റെ അവസാനമോ മറ്റോ ഊ പ്രഖ്യാപനം നടത്തിയിരുന്നെങ്കിൽ ആരാധകരിലുണ്ടായ ഞെട്ടൽ ഒഴിവാക്കാൻ സാധിക്കുമായിരുന്നെന്ന് സാനിയ സൂചിപ്പിച്ചു.

താൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയപ്പോൾ കൂടിയിരുന്ന മാദ്ധ്യമപ്രവ‌ർത്തകരുടെ പ്രതികരണം കണ്ടപ്പോൾ അവരെല്ലാം താൻ ഇപ്പോഴും ഒരു ചെറുപ്പക്കാരിയാണെന്ന തെറ്റിദ്ധാരണയിലാണെന്ന് കരുതിയെന്നും സാനിയ കൂട്ടിച്ചേർത്തു. ഒരുപക്ഷേ അമ്മയായപ്പോൾ ജീവിതത്തിൽ ഇതുവരെയുണ്ടായിരുന്ന പ്രധാന സംഭവങ്ങളെല്ലാം അപ്രധാനമായതു പോലെ തോന്നിയെന്നും വിരമിക്കൽ പ്രഖ്യാപനം നടത്താനുള്ള ഒരു പ്രധാന കാരണം അതാണെന്നും സാനിയ വ്യക്തമാക്കി.