
മെൽബൺ: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിതിന് പിന്നാലെ കാണാതായ ടെന്നിസ് താരം പെംഗ് ഷൂയിക്ക് പിന്തുണയുമായി ആയിരങ്ങൾ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ മത്സരത്തിൽ അണിനിരന്നു. മത്സരത്തിന് തൊട്ടുമുമ്പായി 'പെംഗ് ഷൂയി എവിടെ?' എന്നെഴുതിയ ടീ ഷട്ടുകൾ പ്രതിഷേധക്കാർ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഈ ടീ ഷർട്ടുകളും അണിഞ്ഞാണ് നിരവധി പേർ ഫൈനൽ മത്സരം കാണുന്നതിന് വേണ്ടി സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ചത്.
ഓസ്ട്രേലിയൻ ഓപ്പൺ തുടങ്ങിയ സമയത്ത് തന്നെ ഇത്തരമൊരു പ്രതിഷേധത്തിന് ഇതിനുപിന്നിലുള്ളവർ പദ്ധതിയിട്ടിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള രാഷ്ട്രീയ നിലപാടുകളും സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കില്ലെന്ന സംഘാടകരുടെ കർശന തീരുമാനം കാരണം അത് നടക്കാതെ പോയി. എന്നാൽ ഫൈനലിന് തൊട്ടുമുമ്പായി ഈ തീരുമാനത്തിന് ഇളവ് നൽകാൻ ഓസ്ട്രേലിയൻ ഓപ്പൺ സംഘാടകർ തീരുമാനിച്ചതോടെയാണ് പ്രതിഷേധക്കാർ മടങ്ങിയെത്തിയത്. പ്രതിഷേധക്കാർ മത്സരം തടസപ്പെടുത്താതെ ഇരിക്കുന്നിടത്തോളം ടീ ഷർട്ടുകൾ സ്റ്റേഡിയത്തിനുള്ളിൽ അണിയുന്നത് വിലക്കേണ്ടെന്ന് സംഘാടകർ അറിയിക്കുകയായിരുന്നു.

പെംഗ് ഷൂയിക്ക് സ്വതന്ത്രമായി തന്റെ നിലപാടുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് പ്രതിഷേധക്കാർ പിന്നീട് പറഞ്ഞു. നിലവിൽ ചൈനയിൽ ഉണ്ടെന്ന് കരുതപ്പെടുന്ന പെംഗ് ഷൂയിയെ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് പുറത്ത് കൊണ്ടുവരികയാണ് തങ്ങളുടെ ആദ്യ ലക്ഷ്യമെന്നും ഈ സന്ദേശം പരമാവധി ആളുകളുടെ മുന്നിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ടീഷർട്ടുകൾ വിതരണം ചെയ്തതെന്നും പ്രതിഷേധക്കാർ വെളിപ്പെടുത്തി.