
തിരുവനന്തപുരം: വേങ്ങരയിലെ നേതാവിന് കാവ്യയും ദിലീപും കൂടി പണം നൽകിയെന്ന വെളിപ്പെടുത്തൽ ശരിവച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ സ്വാധീനം ചെലുത്താൻ വേണ്ടിയാണ് നേതാവിന് പണം കൊടുത്തതെന്നും ബാലചന്ദ്രകുമാർ പറയുന്നു
ജയിൽ മോചിതനായ ശേഷം കാവ്യയും ദിലീപും മറ്റൊരാളും കൂടിയാണ് വേങ്ങരയിൽ പോയത്. ആ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയുടെ നേതാവിൻ്റെ വീട്ടിലേക്ക് അവർ പോകുകയും അവിടേക്ക് സംസ്ഥാനത്തെല്ലാവരും ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവ് വരികയും പണം വാങ്ങുകയും ചെയ്തു. അവരെല്ലാവരും കൂടി അന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. ഈ നേതാവടക്കമുള്ളവർ ദിലീപിനെ ബന്ധപ്പെട്ടത് കാവ്യയുടെ ഫോൺ വഴിയാണ്. നേതാവിനൊപ്പം ദിലീപും കാവ്യയും എടുത്ത ചിത്രങ്ങൾ വൈകാതെ പരസ്യപ്പെടുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
ദിലീപ് ജയിലിൽ കിടന്ന സമയത്ത് അനിയനും അളിയനും ചേർന്നാണ് നേതാവിനെ ആദ്യം കണ്ടത്. അനൂപിൻ്റെ ഫോൺ പരിശോധിച്ചാൽ അതിൽ ഇക്കാര്യങ്ങളെല്ലാം ഉണ്ടാവും. കാവ്യയുടെ മൊബൈൽ ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിച്ചാൽ ഈ കൂടിക്കാഴ്ച നടന്നുവെന്ന കാര്യം വ്യക്തമാവും. കാവ്യയെ മാറ്റി നിർത്തി കൊണ്ട് ഈ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും കാവ്യയുടെ ഫോണും പരിശോധിക്കണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു. . .