coconut-

ബൊഗോട്ട : കൊളംബിയയിൽ തേങ്ങയ്ക്കുള്ളിൽ നിറച്ച നിലയിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ദ്രാവക രൂപത്തിലുള്ള കൊക്കെയ്‌ൻ ( ലിക്വിഡ് കൊക്കെയ്‌ൻ ) നിറച്ച 20,000 ത്തോളം തേങ്ങകൾ അടങ്ങിയ കണ്ടെയ്നറാണ് രാജ്യത്തെ ഒരു തുറമുഖത്ത് നിന്ന് പിടികൂടിയത്. കയറ്റുമതി ചെയ്യുന്നതിനുള്ള സാധനങ്ങൾക്കൊപ്പം ഷിപ്പിംഗ് കണ്ടെയ്നറിലാണ് ഇവ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

കാർട്ടജീന തുറമുഖം വഴി ഇറ്റലിയിലെ ജെനോവയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ കൊളംബിയൻ മയക്കുമരുന്ന് വിരുദ്ധ സേനയും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. 504 ക്യാൻവാസ് ബാഗുകളിലായി 19,780 തേങ്ങകളാണുണ്ടായിരുന്നത്.

കൊക്കെയ്‌ന്റെ അളവ് കണക്കാക്കാൻ തേങ്ങകൾ ലാബിൽ പരിശോധനയ്ക്കായി മാറ്റി. തേങ്ങകളിൽ ചെറിയ ദ്വാരമുണ്ടാക്കി അതിനുള്ളിൽ നിന്ന് വെള്ളം ഊറ്റിക്കളഞ്ഞ ശേഷം സിറിഞ്ചുപയോഗിച്ച് പകരം കൊക്കെയ്‌ൻ നിറച്ചെന്നാണ് നിഗമനം. സംശയം തോന്നാത്തവിധം റെസിൻ ഉപയോഗിച്ചാണ് ദ്വാരം അടച്ചിരുന്നത്.