
ലോസാഞ്ചൽസ്: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ തൊപ്പിയടക്കം ലേലത്തിന് വച്ച മൂന്ന് വസ്തുക്കൾക്ക് ലഭിച്ചത് കുറഞ്ഞ തുക. 2018ൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ യു.എസ് സന്ദർശന വേളയിൽ മെലാനിയ അണിഞ്ഞിരുന്ന തൊപ്പി, മെലാനിയ ഇതേ തൊപ്പി വച്ച് നിൽക്കുന്ന ഒരു പെയിന്റിംഗ്, ഇതിന്റെ ഡിജിറ്റൽ പതിപ്പ് (എൻ.എഫ്.ടി) എന്നിവയാണ് ലേലത്തിന് വച്ചത്. 1.87 കോടി രൂപയാണ് (250,000 ഡോളർ) ലേലത്തുകയായി നിശ്ചയിച്ചിരുന്നെങ്കിലും ഏകദേശം 1.27 കോടി രൂപയായിരുന്നു ( 170,000 ഡോളർ ) ഇവയ്ക്ക് ലേലത്തിൽ ലഭിച്ചത്.
അതേ സമയം, ഫ്രഞ്ച് - അമേരിക്കൻ ഡിസൈനറായ ഹെർവ് പിയറി ഡിസൈൻ ചെയ്ത മനോഹരമായ തന്റെ വെളുത്ത നിറത്തിലെ തൊപ്പിയുൾപ്പടെയുള്ള വസ്തുക്കൾ ലേലത്തിന് വയ്ക്കുമെന്നും ക്രിപ്റ്റോകറൻസിയായ സൊലാനയിലൂടെ ലേലത്തുക നൽകണമെന്നും ഈ മാസം ആദ്യം മെലാനിയ അറിയിച്ചിരുന്നു. ലേലത്തിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കും മെലാനിയ അറിയിച്ചിരുന്നു. എന്നാൽ, വൈകാതെ ക്രിപ്റ്റോ വിപണിയിൽ ഇടിവുണ്ടാവുകയും ഇത് ലേല തുക ഇടിയാനും കാരണമായി.