covid-19

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. കടകൾക്ക് രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ പ്രവർത്തിക്കാം. ദീർഘദൂര ട്രെയിനുകളും ബസുകളും ഓടും.

അവശ്യയാത്ര ചെയ്യുന്നവർ കാരണം വിശദമാക്കുന്ന സ്വയം തയ്യാറാക്കിയ രേഖ കൈയിൽ കരുതണം. പൊലീസ് ആവശ്യപ്പെട്ടാൽ ഇതും തിരിച്ചറിയൽ രേഖയും കാണിക്കണം. മൊബൈൽ ഫോൺ നമ്പരും നൽകണം. മാളുകളും തീയേറ്ററുകളും തുറക്കില്ല. കൊവിഡ് ധനസഹായത്തിനായി വില്ലേജ് ഓഫീസുകളും ട്രഷറികളും തുറക്കും.

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം പങ്കെടുക്കാം. മാദ്ധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസ് എന്നിവയ്‌ക്ക് തടസമില്ല. ചികിത്സ, വാക്‌സിനേഷൻ എന്നിവയ്‌ക്കായി യാത്ര ചെയ്യാം. നിരത്തുകളിൽ പരിശോധന കർശനമാക്കും.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ അവലോകന യോഗം ചേരും. ഞായറാഴ്ച നിയന്ത്രണം തുടരണോ എന്ന് യോഗത്തിൽ തീരുമാനമെടുക്കും. അതേസമയം കേരളത്തിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. 2020 ജനുവരി 30ന് വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിയ്ക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യ കേസായിരുന്നു ഇത്.