dileep-manju

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് നടത്തിയ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം എംജി റോഡിലെ ഒരു ഫ്‌ളാറ്റിലാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ ഗൂഢാലോചന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

2017 ഡിസംബറിലായിരുന്നു ഗൂഢാലോചന നടത്താനായി പ്രതികൾ ഫ്‌ളാറ്റിൽ ഒത്തുകൂടിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സംബന്ധിച്ചാണ് ഇവിടെവച്ച് ആലോചന നടന്നത്. ഈ സമയത്തെ മൂന്ന് പേരുടെയും മൊബൈൽ ഫോൺ ടവർ ലോക്കേഷനും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന ചില സാക്ഷിമൊഴികളും കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ നടന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഫോൺ ഹാജരാക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്നായി ദിലീപ് പറഞ്ഞത് അതിൽ മുൻ ഭാര്യ മഞ്ജു വാര്യരുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ ഉണ്ടെന്നായിരുന്നു. ഇതുസംബന്ധിച്ച് മഞ്ജു വാര്യരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ തേടിയെന്നാണ് സൂചന. സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും, മകളുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്ന് മഞ്ജു മറുപടി നൽകിയെന്നാണ് വിവരം. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.