madhu

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായവുമായി മെഗാസ്റ്റാർ മമ്മൂട്ടി. കുടുംബത്തിന് കേസ് നടത്താനുള്ള പിന്തുണ നൽകും. മമ്മൂട്ടി സഹായ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, ആദിവാസി സംഘടനകളോട് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മധുവിന്റെ കുടുംബം അറിയിച്ചു.

അതേസമയം ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ കൈമാറാൻ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. വി ടി രഘുനാഥ് പ്രതികരിച്ചു. തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തുടരാൻ താത്പര്യമില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വിചാരണ ആരംഭിക്കാത്തതിൽ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു.