കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി. അടുത്തിടെ സൈബർ ആക്രമണം നേരിട്ട കവി റഫീഖ് അഹമ്മദിന് അനുകൂലമായി താൻ അഭിപ്രായം പറഞ്ഞതാണ് ചിലരെ പ്രകോപിപ്പിച്ചതെന്ന് കാരശ്ശേരി പറഞ്ഞു.
'2016-ല്‍ താന്‍ ജര്‍മനിയില്‍ പോയപ്പോള്‍ എടുത്ത ട്രെയിനിലിരിക്കുന്ന ചിത്രം പങ്കുവച്ചാണ് പഴിപറയുന്നത്. ബര്‍ലിന്‍ സര്‍വകലാശാലയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനും ഫ്രീ യൂണിവേഴ്‌സിറ്റിയില്‍ ക്ലാസുകള്‍ എടുക്കാനുമാണ് അന്ന് വിദേശത്തുപോയത്. നിങ്ങള്‍ക്കൊക്കെ ഇത്തരം സൗകര്യങ്ങള്‍ അനുഭവിക്കാം, കേരളീയര്‍ക്ക് ഇതൊന്നും വേണ്ടേ എന്ന് ചോദിച്ചുകൊണ്ടാണ് പ്രധാനമായി അധിക്ഷേപങ്ങൾ നടക്കുന്നത്. ഇതുകൊണ്ടൊന്നും താൻ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കില്ലെന്നും' കാരശ്ശേരി വ്യക്തമാക്കി.
കെ റെയിൽ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കൽ നടക്കുമ്പോൾ അഞ്ചു ലക്ഷം പേർ അനാഥരാകുന്ന അവസ്ഥയുണ്ട്. ഇത്രയും ആളുകളെ പുനരധിവസിപ്പിക്കുക എന്നത് വലിയ പ്രശ്നമാണ്. ഇത് ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ വസ്തുയാണ്. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയപ്പോൾ മറുവാദങ്ങളില്ലാത്തവരാണ് തനിക്ക് എതിരെ സൈബർ ആക്രമണത്തിന് മുതിരുന്നതെന്ന് കാരശ്ശേരി പറഞ്ഞു. സൈബർ ഗുണ്ടകൾ വ്യക്തിഹത്യ നടത്തുമ്പോൾ മുട്ടുമടക്കുന്ന ഒരാളല്ല ഞാൻ. ഇത്തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയരുമ്പോൾ തന്റെ അഭിപ്രായങ്ങൾക്ക് വിപുലമായ ശ്രദ്ധകിട്ടുകയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും കാരശ്ശേരി വ്യക്തമാക്കി.