china

ബീജിംഗ്: 2019ൽ കൊവിഡ് ആദ്യമായി സ്ഥിരീകരിച്ചതിന് ശേഷം കടുത്ത പ്രതിസന്ധികളിലൂടെയാണ് ചൈന കടന്നുപോകുന്നത്. രോഗവ്യാപനവും തുടർന്നുണ്ടായ മരണനിരക്കും അടച്ചിടലും ഒക്കെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ കാര്യമായി തന്നെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി അദ്ധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥരോട് മുൻപ് കൈപ്പറ്റിയ ബോണസ് തിരിച്ചടയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഉദ്യോഗസ്ഥരുടെ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന ആശങ്ക രാജ്യത്ത് നിലനിൽക്കുകയാണ്. ഹെനാൻ, ജിയാങ്‌ഷി,ഗ്വാങ്‌ഡോങ് പ്രവിശ്യകളിൽ കഴിഞ്ഞ വർഷമാദ്യം ഓരോ ഉദ്യോഗസ്ഥരിൽ നിന്നും 2.35 ലക്ഷം രൂപ സർക്കാർ തിരികെ വാങ്ങിയിരുന്നു. ഇനിയങ്ങോട്ട് കുറച്ചുകാലത്തേയ്ക്ക് ബോണസുകളും സസ്പെൻഡും ചെയ്തിരിക്കുകയാണ്.

ചില പ്രവിശ്യകളിൽ പത്ത് ദിവസത്തിനകം ബോണസ് തിരികെ ഏൽപ്പിക്കാനാണ് സർക്കാരിന്റെ ഉത്തരവ്. ഷാങ്‌ഹായി ഒഴികെയുള്ള പ്രവിശ്യകളിലെല്ലാം ധനക്കമ്മി രൂക്ഷമാവുകയാണ്. പ്രവിശ്യാസർക്കാരുകളുടെ ധനക്കമ്മി മുപ്പത് ശതമാനം ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്.