israel

ന്യൂഡൽഹി: ഇന്ത്യയിലും ഇസ്രയേലിലുമുള‌ള ജനങ്ങൾ തമ്മിലെ ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള‌ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധത്തിന്റെ 30 ആണ്ടുകൾ പൂർത്തിയാക്കിയ സന്ദർഭത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചത്.

ലോകമാകെ വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുമ്പോൾ ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന് പ്രാധാന്യം ഏറിയതായും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്‌ക്ക് സഹകരണം വലിയ പങ്കുവഹിച്ചതായും വരും ദശകങ്ങളിലും ഇത് തുടരുമെന്നും പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു.

1950 സെപ്‌തംബർ 17ന് ഇന്ത്യ സ്വതന്ത്ര്യ രാജ്യമായി ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും പൂർണതോതിലെ നയതന്ത്ര ബന്ധം സാദ്ധ്യമായത് 1992 ജനുവരി 29നാണ്. വരുന്ന 30 വർഷത്തെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ 30ാം വാർഷികം മികച്ച അവസരമാണെന്ന് ഇസ്രയേൽ പ്രതിനിധി നവൊർ ഗിലനും അഭിപ്രായപ്പെട്ടു.

ഇന്ത്യ-ഇസ്രയേൽ വിദേശകാര്യമന്ത്രിമാർ സംയുക്തമായി എഴുതിയ 'ഡീപ്പെനിംഗ് റൂട്ട്സ്' എന്ന ലേഖനം വെള‌ളിയാഴ്‌ച ഒരു ഇസ്രയേലി ദിനപത്രത്തിൽ അച്ചടിച്ചുവന്നിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്രാണ്ടുകളിൽ ആഴത്തിലുള‌ള സഹകരണത്തിന് ഒന്നിച്ച് പ്രവർത്തിച്ചതായും വെല്ലുവിളികൾക്ക് ഒന്നിച്ച് പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ടെന്നും ലേഖനത്തിലുണ്ട്.

പെഗാസസ് ചാരസോഫ്‌റ്റ്‌വെയർ ഇന്ത്യ 2017ൽ ഇസ്രയേലിൽ നിന്നും വാങ്ങിയത് 2 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് ഇന്ത്യ-ഇസ്രയേൽ സഹകരണ വാർഷികത്തിൽ ഇരു രാജ്യവും പ്രതികരിച്ചത്.