covid-

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.34 ലക്ഷം പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 893 പേർ മരിച്ചു. നിലവിൽ 18.84 ലക്ഷം പേർക്കാണ് രോഗബാധ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 13.39 ശതമാനത്തിൽനിന്ന് 14.50 ശതമാനമായി ഉയർന്നിട്ടുണ്ട്.

അതേസമയം പ്രായപൂർത്തിയായ ജനസംഖ്യയുടെ 75 ശതമാനത്തിലധികം പേർക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിനുകളും നൽകിയതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. വാക്സിനേഷന്റെ ഭാഗമായ എല്ലാ പൗരന്മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ' നമ്മുടെ വാക്സിനേഷൻ ഡ്രൈവ് വിജയകരമാകുകയാണ്. എല്ലാ പൗരന്മാരെയും അഭിനന്ദിക്കുന്നു' എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്ത് ഇതുവരെ 165.70 കോടി ഡോസ് വാക്സിൻ നൽകി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.40 ഉം ആകെ കൊവിഡ് മരണം 4,94,091 ഉം ആണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ 21.69 ശതമാനവും കേരളത്തിൽ നിന്നാണ്.