
ആലപ്പുഴ: ബാക്കി കിട്ടാനുളള ഒന്നോ രണ്ടോ രൂപ ചില്ലറയില്ലാതെ വരുമ്പോൾ പോട്ടെ എന്ന് കരുതി ഇറങ്ങിവരുന്നവരോ വഴക്കുണ്ടാക്കുന്നവരോ ആണ് ആനവണ്ടിയിലെ യാത്രക്കാരായ നമ്മൾ മലയാളികൾ. എന്നാൽ ടിക്കറ്റിന്റെ ബാക്കി പണം അബദ്ധത്തിൽ വാങ്ങാൻ മറന്നുപോയാൽ അത് നമ്മുടെ അക്കൗണ്ടിലേക്ക് കെഎസ്‌ആർടിസി തന്നാലോ? അങ്ങനെയൊരു നല്ല അനുഭവം തൃശൂർ സ്വദേശിനി ടി.ജി ലസിതയ്‌ക്ക് ഉണ്ടായി.
കൊല്ലം എസ്.എൻ കോളേജിലെ ഗവേഷണ വിദ്യാർത്ഥിനിയായ ലസിത വൈറ്റിലയിൽ നിന്ന് കൊല്ലത്തേക്ക് കെഎസ്‌ആർടിസി ബസിൽ കയറി. ടിക്കറ്റിന് വേണ്ടി 500 രൂപയാണ് കണ്ടക്‌ടർക്ക് ലസിത നൽകിയത്. 183 രൂപ ടിക്കറ്റും ബാക്കി 17 രൂപ ചില്ലറയും കണ്ടക്‌ടർ നൽകി. 300 രൂപ നൽകാമെന്ന് ടിക്കറ്റിന് പിന്നിൽ കണ്ടക്‌ടർ എഴുതിക്കൊടുത്തു.
യാത്രക്കിടെ ഉറങ്ങിയ ലസിത ഉണർന്നപ്പോഴേക്കും കൊല്ലമെത്തി. വേഗം ബസിൽ നിന്നിറങ്ങി കോളേജെത്തിയപ്പോഴാണ് ബാക്കി 300 രൂപ വാങ്ങിയില്ലെന്ന് ഓർത്തത്. ആനവണ്ടി ഫാനായ സുഹൃത്ത് ചിഞ്ചുവിനെ വിളിച്ച് ടിക്കറ്റിന്റെ ഫോട്ടോയടക്കം നൽകി. ചിഞ്ചു ഫോട്ടോ കെഎസ്‌ആർടിസിയുമായി ബന്ധമുളള വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു. ചിത്രം കണ്ട എടത്വ ഡപ്പോയിലെ കണ്ടക്‌ടർ ഷെഫീക്ക് ഇബ്രാഹീം ചിഞ്ചുവിനെ വിളിച്ച് പണം ഉടൻ ലഭിക്കുമെന്ന് അറിയിച്ചു. കൃത്യം 43ാം മിനിട്ടിൽ പണം ചിഞ്ചുവിന്റെ അക്കൗണ്ടിലിട്ടു. ചിഞ്ചു 300 രൂപ ഗൂഗിൾ പേ വഴി ലസിതയ്‌ക്ക് നൽകി.
അങ്ങനെ കിട്ടുമോ എന്ന് യാത്രക്കാരി കരുതിയ പണം മുക്കാൽ മണിക്കൂറിനുളളിൽ കെഎസ്‌ആർടിസി നൽകി. മുൻപ് കെഎസ്‌ആർടിസി ബസിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായപ്പോൾ ലസിതയ്‌ക്ക് ബസ് ജീവനക്കാർ സഹായം നൽകിയിട്ടുമുണ്ട്.