
ജനീവ: ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് രണ്ട് വർഷം പിന്നിടുമ്പോഴും രോഗവ്യാപനം ഇപ്പോഴും സജീവമായി തന്നെ നിലനിൽക്കുകയാണ്. കോടിക്കണക്കിന് ആളുകൾ രോഗബാധിതരാവുകയും കോടിക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കൊവിഡ് 19ന് പിന്നാലെ ഡെൽറ്റ, ഒമിക്രോൺ തുടങ്ങിയ നിരവധി വകഭേദങ്ങളും ഭീഷണിയായി. എന്നാൽ ഇവയ്ക്ക് പുറമേ മറ്റൊരു പേരാണ് ഇപ്പോൾ ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്നത്. നിയോകോവ് എന്ന പുതിയൊരു തരം കൊറോണ വൈറസാണ് ഇപ്പോൾ ആശങ്ക ജനിപ്പിക്കുന്നത്.
കൊവിഡിന്റെ മറ്റൊരു വകഭേദമായ ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ പുതിയൊരു ഇനം കൊറോണ വൈറസ് കണ്ടെത്തിയിരിക്കുകയാണ്. നിയോകോവ് എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസിനെ ചൈനീസ് ഗവേഷകരാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് ഇപ്പോൾ മനുഷ്യരിൽ പ്രവേശിക്കാനുള്ള കഴിവ് ഇല്ല എന്നാണ് നിലവിലെ പഠനം സൂചിപ്പിക്കുന്നത്. എന്നാൽ ഇവയ്ക്ക് ജനിതക വ്യതിയാനം സംഭവിക്കുകയാണെങ്കിൽ മനുഷ്യരിൽ പ്രവേശിക്കുന്നതിനുള്ള സാദ്ധ്യതയുള്ളതായും വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. ഇത് ഉറപ്പിക്കണമെങ്കിൽ പഠനങ്ങളിൽ കുറച്ചുകൂടി വ്യക്തത വരണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിയോകോവ് മനുഷ്യർക്ക് ഭീഷണിയാകുമോ എന്നത് സ്ഥിരീകരിക്കുന്നതിനായി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം, കൊവിഡിനെ പോലെത്തന്നെ നിയോകോവിനും മനുഷ്യകോശങ്ങളിലേയ്ക്ക് തുളച്ചുകയറാൻ സാധിക്കുമെന്നാണ് ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നത്. മിഡിൽ ഈസ്റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം വൈറസ് (എംഇആർഎസ്-സിഒനി) എന്ന ഗണത്തിൽ വരുന്നവയാണ് നിയോകോവ് വൈറസുകൾ.