mann-ki-bath

ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചവരുടെ സ്‌മരണയ്ക്കായി സ്ഥാപിച്ച 'നാഷണൽ വാർ മെമ്മോറിയൽ' സന്ദർശിക്കണമെന്ന് ഓരോ പൗരന്മാരോടും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്' വഴിയാണ് പ്രധാനമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്. കുടുംബത്തോടൊപ്പം വേണം നാഷണൽ വാർ മെമ്മോറിയൽ സന്ദർശിക്കാൻ. ഇവിടം സന്ദർശിക്കുന്നതിലൂടെ ഓരോ പൗരനും പ്രത്യേകം ഊർജവും പ്രചോദനവും ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ 74ാം രക്തസാക്ഷി ദിനമായ ഇന്ന് പ്രധാനമന്ത്രി രാഷ്‌ട്രപിതാവിന് ആദരാഞ്ജലികളർപ്പിച്ചു. രാജ്യത്തെ റിപബ്ളിക് ദിന ആഘോഷങ്ങൾ ഇനിമുതൽ നേതാജിയുടെ ജന്മദിനമായ ജനുവരി 23 മുതൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ 30 വരെ ആഘോഷിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രധാനമന്ത്രിയുടെ അവാർഡ് നേടിയ രാജ്യത്തെ കുട്ടികളെ അഭിനന്ദിച്ച പ്രധാനമന്ത്രി കുട്ടികൾ വിവിധ ആവശ്യങ്ങളുന്നയിച്ച് തനിക്ക് ഒരു കോടി പോസ്‌റ്റ്‌കാർഡുകൾ അയച്ചതിനെയും പ്രതിപാദിച്ചു. മാലിന്യ നിർമ്മാർജനം, വിദ്യാഭ്യാസം, ബഹിരാകാശം, അന്തരീക്ഷ മലീനീകരണം, പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്തൽ,തീവ്രവാദം ഇല്ലാതാക്കൽ,ഭക്ഷ്യസുരക്ഷ തുടങ്ങി രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ആശയങ്ങളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.

പദ്മ‌ശ്രീ അവാർഡ് ജേതാക്കളുടെ സവിശേഷതകൾ ചൂണ്ടിക്കാട്ടി ഈ വർഷം അവാർഡ് ലഭിച്ചവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊവിഡ് മൂലം രാജ്യത്തുണ്ടായ പ്രതിസന്ധികളിൽ നിന്നും രാജ്യം മെച്ചപ്പെട്ട് വരുന്നതായും വാക്‌സിനേഷൻ രോഗത്തെ പ്രതിരോധിക്കാൻ മികച്ച ഫലം ചെയ്‌തതായും പ്രധാനമന്ത്രി പറഞ്ഞു.