isis

വാഷിംഗ്‌ടൺ: സിറിയയിലെ വനിതാ ഐസിസ് ബറ്റാലിയൻ നേതാവായ അമേരിക്കൻ വനിത വിദേശ തീവ്രവാദ സംഘടനയ്ക്ക് സാമഗ്രഹികൾ ഏർപ്പാടാക്കി നൽകിയതിന് കുറ്റം ചുമത്തപ്പെട്ടതായി യു എസ് ജസ്റ്റിസ് വകുപ്പ് അറിയിച്ചു. യു എസ് സംസ്ഥാനമായ കൻസാസ് സ്വദേശിയായ അലിസൺ ഫ്ളൂക്ക് എക്രെൻ എന്ന 42കാരിക്കെതിരായാണ് കുറ്റം ചുമത്തിയത്. ഇവർക്കെതിരെ 2019ൽ വിർജിനിയയിലെ ഫെഡറൽ കോടതിയിൽ ക്രിമിനൽ കുറ്റത്തിന് പരാതി രേഖപ്പെടുത്തിയിട്ടുണ്ട്.

അലിസൺ ഫ്ളൂക്ക് യു എസിലെ കോളേജ് ക്യാമ്പസിൽ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ടിരുന്നതായും അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ ഭീകരാക്രമണം നടത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നതായും യു എസ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. അഞ്ച് അപരനാമങ്ങളിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. സിറിയയിൽ നിന്ന് പിടികൂടിയ ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച എഫ് ബി ഐയുടെ കസ്റ്റഡിയിലേയ്ക്ക് മാറ്റിയതായി പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവരെ യു എസ് ജില്ലാകോടതിയിൽ ഹാജരാക്കും. കുറ്റം തെളിഞ്ഞാൽ ഏകദേശം 20 വർഷത്തോളം ഇവർക്ക് ജയിൽവാസം അനുഭവിക്കേണ്ടി വരും. ഐസിസിൽ ശക്തമായ പദവി വഹിക്കുന്നൊരാൾ ഉൾപ്പെടുന്ന ആദ്യത്തെ കേസ് കൂടിയാണിത്.


തീവ്രവാദ സംഘടനയിൽ ചേരുന്നതിനായി വർഷങ്ങൾക്ക് മുൻപാണ് അലിസൺ ഫ്ളൂക്ക് സിറിയയിൽ എത്തുന്നത്. 2014 മുതൽ ഇവർ ഐസിസിന്റെ ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമാണ്. ഐസിസിന്റെ വനിതാ തീവ്രവാദ ബറ്റാലിയന്റെ നേതാവും സംഘാടകയുമായി പ്രവർത്തിച്ചുവരികയായിരുന്നു ഇവർ. സ്ത്രീകളെയും കുട്ടികളെയും എകെ 47 റൈഫിളുകൾ, ഗ്രനേഡുകൾ, ചാവേർ ബെൽറ്റുകൾ എന്നിവ ഉപയോഗിക്കാൻ പഠിപ്പിക്കുന്നതാണ് ഇവരുടെ പ്രധാന ചുമതല. ഖട്ടിബാ നുസൈബാ എന്നറിയപ്പെടുന്ന സ്ത്രീകൾ ഐസിസ് തീവ്രവാദികളുടെ ഭാര്യമാരാണ്. 2017ൽ സിറിയയിലെ ഐസിസ് ശക്തികേന്ദ്രമായ റാഖ ഉപരോധിച്ചപ്പോൾ സ്വയം പ്രതിരോധിക്കാൻ അലിസൺ ഫ്ളൂക്ക് സ്ത്രീകളെ സജ്ജമാക്കിയിരുന്നു.

അമേരിക്കൻ ഷോപ്പിംഗ് മാളിലെ പാർക്കിംഗ് ഗാരേജിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പാർക്ക് ചെയ്ത് വലിയ സ്ഫോടനം സൃഷ്ടിക്കുന്നതിനെപ്പറ്റി അലിസൺ ഫ്ളൂക്ക് സംസാരിച്ചിരുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വലിയൊരു സംഖ്യയിൽ ആളുകൾ കൊല്ലപ്പെടാത്ത ആക്രമണങ്ങൾ സാമഗ്രഹികൾ പാഴാക്കുന്നതിന് തുല്യമാണെന്ന് ഇവർ കണക്കാക്കിയിരുന്നതായും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. ഇവർ 2008ൽ ഈജിപ്തിലേയ്ക്ക് കടന്നതായും തുടർന്ന് മൂന്ന് വർഷം യു എസിലേയ്ക്ക് പതിവായി യാത്ര ചെയ്തിരുന്നതായും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.