
ഒട്ടാവാ: കൊവിഡ് വാക്‌സിൻ നിർബന്ധമാക്കിയതിലും മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നിബന്ധനകളിലും പ്രതിഷേധിച്ച് കാനഡയുടെ തലസ്ഥാനത്ത് വൻ പ്രക്ഷോഭം. ഒൻടാറിയോയിലെ പാർലമെന്റിലേക്ക് പ്രക്ഷോഭകാരികൾ കൂട്ടത്തോടെ എത്തുകയാണ്. കലാപത്തിന് പിന്നിലുളളവരിൽ ഏറിയ പങ്കും കാനഡയിലെ ട്രക്ക് ഡ്രൈവർമാരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാൽനടയായി നിരവധി പേർ രാജ്യ തലസ്ഥാനത്തേക്ക് എത്തുകയാണ്.
സുരക്ഷാ വീഴ്‌ചയുണ്ടാകുമെന്ന് ഭയന്ന് പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെയും കുടുംബത്തെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ പ്രക്ഷോഭകാരികൾ സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നതെങ്കിലും ഏത് നിമിഷം വേണമെങ്കിലും പ്രതിഷേധം അക്രമത്തിലേക്ക് തിരിയുമെന്നതിനാൽ വലിയ ജാഗ്രതയിലാണ് പൊലീസ്. കുട്ടികളിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചതിനാൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു ജസ്‌റ്റിൻ ട്രൂഡോ.
രാജ്യതലസ്ഥാനത്തെത്തിയ ട്രക്ക് ഡ്രൈവർമാർ തങ്ങളുടെ ട്രക്കിന്റെ ഹോൺ നിരന്തരം മുഴക്കി പ്രതിഷേധം അറിയിച്ചു. ഒപ്പം സ്വാതന്ത്ര്യം എന്നെഴുതിയ ബാനറുകളും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്. സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കി. 'ഫ്രീഡം കോൺവോയ്' എന്നാണ് പുതിയ പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് പേര്.
അമേരിക്കയിലേക്ക് കാനഡയിൽ നിന്നുളള ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്നും രാജ്യത്തെ 90 ശതമാനം പേരും വാക്‌സിനെടുത്തു എന്ന് ജസ്‌റ്റിൻ ട്രൂഡോ അറിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം തുടങ്ങിയത്. പതിനായിരക്കണക്കിന് പേരാണ് പ്രതിഷേധിക്കുന്നതെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇതിലും പതിന്മടങ്ങാണ് പ്രതിഷേധക്കാരുടെ എണ്ണം.