girls

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ തുടരാൻ താത്പര്യമില്ലെന്ന് പെൺകുട്ടികൾ. പൊലീസ് തിരികെയെത്തിച്ച പെൺകുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ചു. കുട്ടിക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന.


മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളിൽ ഒരാളുടെ അമ്മ ജില്ലാ കളക്ടർക്കും സി ഡബ്ല്യൂ സിക്കും നേരത്തെ അപേക്ഷ നൽകിയിരുന്നു. മകളെ വിട്ടുതരില്ലെന്ന് ചിൽഡ്രൻസ് ഹോമിലെ അധികൃതർ പറഞ്ഞതായും അവർ പരാതിപ്പെട്ടിരുന്നു.


ആറ് പെൺകുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാല് പേരെ മലപ്പുറത്തു നിന്നും, രണ്ട് പേരെ ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.

ബാലികാ മന്ദിരത്തിൽ നിന്ന് പോയത് അവിടത്തെ അവസ്ഥ കൊണ്ടാണെന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. നേരത്തെ ഇവരെ ചിൽഡ്രൻസ് ഹോമിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് കൈമുറിച്ചത്. തങ്ങളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തിരുന്നു.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)