
അടുത്തിടെ തെന്നിന്ത്യൻ സിനിമാ ലേകത്ത് ഏറ്റവും കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവങ്ങളായിരുന്നു താരദമ്പതികളായ സാമന്ത നാഗചൈതന്യ, ധനുഷ് ഐശ്വര്യ വിവാഹമോചനം. തെന്നിന്ത്യയിൽ ഇപ്പോൾ വിവാഹമോചന സീസണാണോ എന്നാണ് പലരുടെയും ചോദ്യം. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും പിരിയാൻ തീരുമാനിച്ചുവെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതായിരുന്നു. 2021 ന്റെ തുടക്കം മുതൽ ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു എന്നുള്ള ഗോസിപ്പുകൾ വന്നിരുന്നു. പൊതുപരിപാടികളിലെല്ലാം ഒന്നിച്ച് പങ്കെടുത്തിരുന്ന സാമന്തയേയും നാഗചൈതന്യയേയും ഒരുമിച്ച് കാണാതായതോടെയാണ് ഇരുവരും പിരിയുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്. സമൂഹ മാദ്ധ്യമത്തിൽ തന്റെ പേരിനൊപ്പം ചേർത്തിരുന്ന നാഗ ചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എടുത്തുകളഞ്ഞതും വലിയ ചർച്ചയായി മാറിയിരുന്നു. പിന്നീട് ഒക്ടോബർ രണ്ടിനാണ് തങ്ങൾ പിരിയുകയാണെന്ന് സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും അറിയിക്കുന്നത്. 7 വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും 2017 ൽ വിവാഹിതരായത്. 'യേ മായു ചേസാവേ' എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ് സാമും നാഗചൈതന്യയും പ്രണയത്തിലാകുന്നത്.
നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന, ഇരുവരുടെയും വിവാഹമോചനം നിർഭാഗ്യകരമാണെന്നായിരുന്നു പ്രതികരിച്ചത്. സാമന്ത എന്നും തങ്ങൾക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും നാഗാർജുന പറഞ്ഞു. അതേസമയം വിവാഹമോചനം ആവശ്യപ്പെട്ടത് സാമന്തയാണെന്ന് നാഗാർജുന പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. അത്തരം പ്രചാരണങ്ങൾ വ്യാജമാണെന്ന് അറിയിച്ച് നാഗാർജുന രംഗത്തുവന്നിരുന്നു. ആ വാക്കുകൾ തന്റേത് അല്ലെന്നും അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു. വിവാഹമോചനത്തിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് സാമന്ത. പുഷ്പ എന്ന ചിത്രത്തിലെ സാമന്തയുടെ ഐറ്റം ഡാൻസ് വൻ തരംഗമായിരുന്നു. ഇപ്പോഴിതാ മറ്റോരു ഐറ്റം ഡാൻസിലുെ സാം പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. കൂടാതെ സ്വിറ്റ്സർലാൻഡിൽ സാമന്ത അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്.

18 വർഷം നീണ്ട ദാമ്പത്യം
അപ്രതീക്ഷിതമായ നടന്ന മറ്റൊരു വിവാഹമോചനമായിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും. 18 വർഷം നീണ്ട ദാമ്പത്യത്തിനുശേഷമാണ് പിരിയാമെന്ന തീരുമാനം ഇരുവരും ഒന്നിച്ചെടുക്കുന്നത്. ഇരുവരുടെയും വീട്ടുകാർ വിവാഹമോചനം എന്ന തീരുമാനത്തിൽ അതൃപ്തി അറിയിച്ചിരുന്നു. വേർപിരിയലിൽ ഐശ്വര്യയുടെ പിതാവും നടനുമായ സൂപ്പർസ്റ്റാർ രജനികാന്ത് അസംതൃപ്തനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിന്നു. മകളെയും മരുമകനെയും ഒന്നിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും സൂചനകളുണ്ട്. ഏകദേശം ആറുമാസം നീണ്ട പ്രണയത്തിനൊടുവിലാണ് ധനുഷും ഐശ്വര്യയും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. രജനികാന്ത് ആദ്യം ഈ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നെ മകൾക്ക് വേണ്ടി സമ്മതിക്കുകയായിരുന്നുവത്രേ.
ഇതിനിടെ വിവാഹമോചന വാർത്ത വാസ്തവമല്ലെന്ന് പറഞ്ഞ് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ രംഗത്തുവന്നിരുന്നു. ഭാര്യ ഭർത്താക്കൻമാർക്കിടയിൽ സ്വഭാവികമായുണ്ടാകുന്ന ചെറിയ അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരും തമ്മിലെന്നും പ്രത്യക്ഷത്തിൽ അത് വിവാഹമോചനമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുവരുമായി താൻ ഫോണിൽ സംസാരിച്ചെന്നും കസ്തൂരി രാജ വിശദീകരിച്ചു. ഇരുവരും തമ്മിൽ പരിഹരിക്കാൻ കഴിയാത്തത്ര പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. ഇതുവരെയും ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാമിലെ പേരിൽ നിന്നും ധനുഷ് എന്ന പേര് എടുത്ത് കളയാത്തതിനാൽ ഇരുവരും ഒന്നിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.