
ആ സിനിമയിൽ അഭിനയിച്ച കുട്ടി. ഈ സിനിമയിൽ അഭിനയിച്ച കുട്ടി. കഥാപാത്രത്തിന്റെ പേര് അറിയാം.മമിത ബൈജു എന്നാണ്  പെൺകുട്ടിയുടെ പേര് എന്ന് മാത്രം അറിയില്ല. സൂപ്പർ ശരണ്യ എത്തിയപ്പോൾ സീൻ മൊത്തം മാറി. ഇപ്പോൾ മമിത ബൈജു എന്നാണ് പേരെന്ന് അറിയാം. സൂപ്പർ ശരണ്യ കണ്ടു ഇറങ്ങിയവർ നായികയുടെ കൂട്ടുകാരിയായ സോനാരേ എന്ന പെൺകുട്ടിയെ ചങ്കിനകത്തുത്തന്നെ എടുത്തുവച്ചു. മോളിവുഡിൽ സമീപകാലത്ത് പ്രേക്ഷകർ ഇതേപോലെ ഏറ്റെടുക്കുകയും കൂടെപ്പോവുകയും ചെയ്ത മറ്റൊരു കഥാപാത്രമില്ല.പാല കിടങ്ങൂർ 'മഞ്ജിമ"യിൽ ഡോ. ബൈജുവിന്റെയും മിനിയുടെയും മകൾ പ്രതീക്ഷ നൽകുന്ന നായിക മുഖമായിമാറുന്നു. സഹോദരൻ മിഥുനും കൂടി ചേരുന്നതോടെ മമിതയുടെ കുടുംബ ചിത്രം പൂർണമാകും. പുതുവർഷത്തിൽ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന മമിതയെ 'ഫോർ" സിനിമയിൽ പ്ളസ് ടു കാരിയായി കാണാം.
I AM NOT
സൂപ്പർ ശരണ്യയിലെ സോനയിൽ മമിത തീരെയില്ല. മമിതയുടെ ചില ആക്ഷൻ സോന അതേപോലെ ചെയ്യുന്നുണ്ട്. രണ്ടുപേരും തമ്മിൽ വ്യത്യാസങ്ങളാണ് കൂടുതൽ. മൊത്തം സോനത്തന്നെയാണ്. സോന പൊളിയാണ്. ആരെയും കൂസാത്ത പ്രകൃതം ഉള്ളതു കൊണ്ടാണ് ആളുകൾക്ക് പ്രിയപ്പെട്ടതായത്. സോനയുടെ തഗ് മറുപടികളും സ്റ്റെലും ആറ്റിറ്റ്യൂഡും എല്ലാം ഇഷ്ടപ്പെട്ടു. സോന എന്ന കഥാപാത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ല.
HOSTEL  LIFE
സിനിമയിൽ കണ്ട അതേ സൗഹൃദവും സ്നേഹവും ഞങ്ങൾ എല്ലാവരും തമ്മിൽ ഉണ്ടായിരുന്നു. ഹോസ്റ്റൽ സീനുകൾ എറെ ആസ്വദിച്ചാണ് ചെയ്തത്.സ്നേഹവും ആഘോഷവും നിറഞ്ഞ ദിനങ്ങളിലൂടെ ഞങ്ങൾ കടന്നുപോയി. അനശ്വര ഒഴികെ  ഞങ്ങൾ എല്ലാവരും ഒാഡിഷനിലൂടെയാണ് എത്തുന്നത്.അനശ്വരയോടൊപ്പമുള്ള അഭിനയം നല്ല രസമായിരുന്നു.സോനയുടെ പ്രിയപ്പെട്ട ശാരു. സൂപ്പർ ശരണ്യ അനുവിനെയും ദേവികയെയും റോസ്ന ജോഷിയെയും  കൂട്ടുകാരായി തന്നു. സീനിയേഴ്സ് ചേച്ചിമാരായ അനഘ, കീർത്ത, പാർവതി എല്ലാവരോടൊപ്പമുള്ള അഭിനയവും നല്ല രസമായിരുന്നു.
MY SONARA
സോനയെ പ്രേക്ഷകർ അടുത്തറിയുന്നതുകൊണ്ടാണ് അവർ ഏറ്റെടുത്തത്. സോനാരേ എന്നു വിളിക്കുന്നവരുണ്ട്. അതിൽ ഏറെ സന്തോഷം. ക്ളൈമാക്സിൽ സോന അങ്ങനെ ആയിപ്പോയതിൽ ചെറിയ വിഷമം തോന്നിയിരുന്നു.ശരണ്യയ്ക്ക് എന്താണോ ഇഷ്ടം അതിനൊപ്പമാണ് സോന  എപ്പോഴും നിന്നിട്ടുള്ളത്. ശരിക്കും സോന ശരണ്യയുടെ ചങ്ക് ഫ്രണ്ടാണ്. സോനാരേ എനിക്ക് തന്നതിന് സംവിധായകൻ ഗിരീഷേട്ടനോടും എ ഡി ടീമിനോടും വലിയ നന്ദിയുണ്ട്.
COCHIN   GIRL
ഒരു  കൊച്ചികാരിയാകാൻ ഗിരീഷേട്ടനും ടീമും സഹായിച്ചു. ലുക്കിലും നടപ്പിലും പോലും തനി കൊച്ചി പെണ്ണാക്കി എന്നെ കൊണ്ടു എത്തിച്ചത് അവരുത്തന്നെയാണ്. സോനയുടെ സ്വഭാവമുള്ള പെൺകുട്ടികളെ പരിചയമില്ല. അവിടെയും ഇവിടെയും ചില സാമ്യതകളുള്ളവരെ അറിയാം. ഒരു കാര്യത്തെ സോന സമീപിക്കുന്ന രീതിയിൽ കാണുന്നവരെ എനിക്ക് അറിയാം.
RADIKA TO  KUNJUMOL
അഭിനയിച്ച എല്ലാ സിനിമയിലെയും കഥാപാത്രത്തിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിച്ചു. ആ കഥാപാത്രങ്ങൾ എന്റെ ഒപ്പം ഉള്ളവരായി മാറി എന്ന തോന്നൽ അനുഭവപ്പെടാറുണ്ട്. ഒാപ്പറേഷൻ ജാവയിലെ അൽഫോൻസ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. സൂപ്പർ ശരണ്യയിലെ ആ അറ്റിറ്റ്യൂഡ് ഗേളും എന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഖോ ഖോയിലും അഞ്ജുവും. സർവ്വോപരി പാലാക്കാരനിലെ രാധിക എന്ന കഥാപാത്രം മുതൽ രണ്ട് സിനിമയിലെ കുഞ്ഞുമോൾവരെ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്.
2022  TWO
പുതുവർഷത്തിൽ  ഒരേദിവസം രണ്ട് സിനിമകൾ റിലീസ് ചെയ്തു. സൂപ്പർ ശരണ്യയും രണ്ടും. എന്നെപോലെ ഒരു തുടക്കക്കാരിക്ക് അത് വലിയ സന്തോഷം തരുന്നതാണ്. രണ്ട് സിനിമയിൽ ചെറിയ വേഷമാണെങ്കിലും കുഞ്ഞുമോൾ എന്റെ പ്രിയ കഥാപാത്രമാണ്. സൂപ്പർ ശരണ്യയും രണ്ടും നല്ല വിജയം നേടിയതിൽ സന്തോഷം. പുതുവർഷത്തെ ശുഭാപ്തിവിശ്വാസത്തോടെ നോക്കി കാണുന്നു.
SISTER  ROLES
ആദ്യ ചിത്രമായ സർവ്വോപരി പാലാക്കാരനിൽ അവതരിപ്പിച്ചത് സഹോദരി വേഷം. ഹണിബീ 2 വിൽ  ആസിഫിക്കയുടെ അനിയത്തി. വരുത്തനിൽ അർജുൻ അശോകൻ ചേട്ടന്റെ അനിയത്തി. വികൃതിയിൽ സൗബിൻ ഇക്കയുടെയും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിൽ ടൊവിനോ ചേട്ടന്റെയും രണ്ടിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചേട്ടന്റെയും അനിയത്തി. വീട്ടിലും ഞാൻ അനിയത്തിയാണ്.
LIFE  VISION
ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെ  കാണുന്ന ആളല്ല. സാഹചര്യം അനുസരിച്ച് ചിന്തിക്കും. എന്റെ ഇഷ്ടം , മനസ് അതിനൊപ്പം ചേർന്ന് നിൽക്കാനാണ് താത്പര്യം. ചില സമയത്ത് എല്ലാവരെയും പോലെ പ്രാക്ടിക്കലായി ചിന്തിക്കും. എന്റെ കഥാപാത്രങ്ങളിൽ സോന എല്ലാത്തിനെയും യാഥാർത്ഥ്യബോധത്തോടെ കാണുന്ന ആളാണ്. സ്വന്തം നിലപാടിനും ഇമോഷൻസിനും പ്രാധാന്യം നൽകുന്നു.ഖോ ഖോയിലെ അഞ്ജുവിന് ഇമോഷൻസ് വളരെ പ്രധാനപ്പെട്ടതാണ്. അൽഫോൻസയുടെ സാഹചര്യം യാഥാർത്ഥ്യബോധത്തോടെ ചിന്തിപ്പിക്കാൻ തോന്നിപ്പിക്കുന്നു.
PLUS 2 ?
പ്ളസ് ടു കഴിഞ്ഞ് എന്ത് എന്ന ചോദ്യം വന്നു. സിനിമ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു. ആസമയത്ത് ഒാപ്പറേഷൻ ജാവ വന്നു. ഒാപ്പറേഷൻ ജാവയും ഖോ ഖോയും കഴിഞ്ഞപ്പോൾ സിനിമയാണ് വഴി എന്ന് തിരിച്ചറിഞ്ഞതോടെ ഗൗരവമായി സമീപിക്കാൻ തുടങ്ങി. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നു. സിനിമ ഇറങ്ങി കഴിഞ്ഞാൽ പ്രേക്ഷകരുടെ കൈയിലാണ്. അവരുടെ സ്വീകാര്യത അനുസരിച്ചായിരിക്കും സിനിമയുടെയും കഥാപാത്രത്തിന്റെയും വിജയം. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്.
COLLEGE  GIRl
തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ബി.എസ്സി സൈക്കോളജി ഒന്നാംവർഷം പഠിക്കുന്നു. കോളേജിൽ താരപരിവേഷമൊന്നുമില്ല. ഈ കുട്ടി ആ സിനിമയിലുണ്ടെന്ന് അറിഞ്ഞ് ചിലർ ആകാംക്ഷയോടെ നോക്കുന്നതും സംസാരിക്കാൻ വരുന്നതും ഭയങ്കര സന്തോഷമാണ്. ഒരു കാര്യത്തെ ഗൗരവമായി കാണുന്ന ആളല്ല. വേണ്ടസമയത്ത് മാത്രം അല്പം ഗൗരവം.