
''അമ്മ ചത്തുപോയി അല്ലേ?... അമ്മ ചാകേണ്ടായിരുന്നു. ബോംബ് പൊട്ടിത്തെറിച്ചാണ് അമ്മ ചത്തത്.""
'മിന്നൽ മുരളി" കണ്ട് രണ്ടാം ക്ളാസിൽ പഠിക്കുന്ന മകൻ യുവൻ ചോദിച്ചപ്പോൾ ഷെല്ലി എൻ. കുമാറിന്റെ മുഖത്ത് നേർത്ത പുഞ്ചിരി. ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളി വലിയ വിജയവും പ്രശസ്തിയും നേടികൊടുത്തപ്പോൾ ഷെല്ലി അവതരിപ്പിച്ച ഉഷ എന്ന കഥാപാത്രവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറി. സിനിമായാത്രയിലെ ശക്തമായ കഥാപാത്രം. ദുബായിൽ ജനിച്ചു വളർന്ന് നമ്മുടെ ഗൃഹസദസിൽ പ്രിയനായികയായിരുന്ന ഷെല്ലിയെ ഇപ്പോൾ സീരിയലിൽ കാണാനില്ല. ഇടവേളയ്ക്കുശേഷം സിനിമയുടെ ഫ്രെയിമിൽ. സ്പൈഡർമാന്റെ കുഞ്ഞാരാധകനായ യുവൻ ബാറ്റ്മാന്റെ ചെരുപ്പ് ധരിച്ച് "മിന്നൽ മുരളി"യുടെ ഗെയിം കളിയിൽ മുഴുകിയപ്പോൾ ഷെല്ലി സംസാരിച്ചു തുടങ്ങി.
ഉഷ തന്ന ഇരിപ്പിടം
നടി എന്ന നിലയിൽ സിനിമയിൽ ഉഷ എനിക്ക് നല്ല ഇടം നൽകി . ഉഷയെ പോലെ ജീവിക്കുന്ന സ്ത്രീകളെ പരിചയമുണ്ട്. ഒരു സാധാരണ കഥാപാത്രമായാണ് ബേസിൽ കഥ പറഞ്ഞപ്പോൾ തോന്നിയത്. ഉഷയുടെ ജീവിതവും പശ്ചാത്തലവും കൃത്യമായി പറഞ്ഞുതന്നു. അതേപോലെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഒ.ടി.ടിയിലൂടെ ആഗോള റിലീസായി മിന്നൽ മുരളി എത്തിയതാണ് ഏറ്റവും വലിയ ഗുണം. ആർക്ക് എവിടെയും, ഏതു സമയത്തും കാണാൻ കഴിയുന്നതിനാൽ കൂടുതൽ ആളുകളിൽ എത്തുകയും കൂടുതൽ ചർച്ചകൾ സംഭവിക്കുകയും ചെയ്തു. ജയ്സനെയും ഷിബുവിനെയും ഉഷയെയും പറ്റി ആളുകൾ സംസാരിച്ചു. വി.എഫ്.എക്സിന്റെ ശബ്ദമികവ് തിയേറ്ററിൽ ആസ്വദിക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്. ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് മിന്നൽ മുരളി. ഉഷയെ പ്രേക്ഷകർ സ്വീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.സിനിമ വിലാസം തന്നിട്ടുണ്ടെങ്കിലും സീരിയലിൽ നിന്നാണ് കൂടുതൽ ലഭിച്ചത്.
സ്ക്രീനിൽ ദുഃഖപുത്രി
എന്നെ തേടിയെത്തിയ കഥാപാത്രങ്ങളിൽ അധികവും ദുഃഖപുത്രിമാരാണ്. അല്ലാത്ത കഥാപാത്രങ്ങളൊന്നും പ്രേക്ഷകരിൽ എത്തിയില്ല. എവിടെയെങ്കിലും ദുഃഖവും കുറച്ച് കരച്ചിലും ഉണ്ടാകും. ദുഃഖപുത്രിമാരായ നായികമാരെയാണ്എല്ലാ വീടുകളിലും ആറുമണിമുതൽ പത്തുമണിവരെ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്. സീരിയിലിന്റെ കഥാഘടന മാറിയാൽ മാത്രമേ ദുഃഖപുത്രിമാർക്ക് മോചനം ലഭിക്കൂ. ആണുകൾ എല്ലാം വില്ലൻമാരും സ്ത്രീകൾ എല്ലാം കരഞ്ഞുകൊണ്ടിരിക്കുന്നവരുമല്ല. തിരിച്ചും സംഭവിക്കുന്നുണ്ട്. മിന്നൽ മുരളിയുടെ ഷൂട്ടിംഗിന് കേരള - കർണാടക അതിർത്തിയിൽ പോയപ്പോൾ കുങ്കുമപ്പൂവിലെ ശാലിനി എന്നും സ്ത്രീപദത്തിലെ ബാല എന്നും ആളുകൾ വിളിച്ചു. ജീവിതയാത്രയിൽ സന്തോഷവും ദുഃഖവും വരാറുണ്ട്. എല്ലാം നേരിട്ടു മുൻപോട്ടു പോവുക എന്നതാണ് രീതി. തമാശകൾ പറയുകയും നന്നായി ആസ്വദിക്കുകയും ചെയ്യുന്ന എന്നെ അടുപ്പമുള്ളവർക്ക് അറിയാം. ആ വലയത്തിൽ എത്തിയാൽ അതുവരെയുള്ള ചട്ടക്കൂട് മാറ്റി വേറൊരു വ്യക്തിയായി മാറും. ഒരു ലൊക്കേഷനിൽ പോയാൽ ആ കുട്ടി മൂഡ് ഓഫാണ് എന്നു എന്നെപ്പറ്റി കേൾക്കാം. കുറച്ചു സമയമെടുക്കും മിംഗിൾ ആകാൻ. അല്ലാതെ ഉൾവലിയുന്ന സ്വഭാവമില്ല.

ആരും വിളിച്ചില്ല
ദേശീയ അവാർഡ് ലഭിച്ച 'തങ്കമീനുകൾ" ആണ് ആദ്യ തമിഴ് ചിത്രം. അതിനുശേഷം അഭിനയിക്കാൻ ആരും വിളിച്ചില്ല. എന്റെ ഭാഗത്തും തെറ്റുണ്ട്. 'തങ്കമീനുകൾ" കഴിഞ്ഞു ദുബായിലേക്ക് പോയി. ആസമയത്ത് സിം നഷ്ടപ്പെടുകയും ചെയ്തു. 'തങ്കമീനുകൾ" നൽകിയ പ്രശസ്തിയെപ്പറ്റി ചിന്തിച്ചില്ല. രണ്ടുവർഷം കഴിഞ്ഞു സംവിധായകൻ റാം സാർ വിളിച്ച് അവാർഡ് ഉണ്ടെന്ന് പറഞ്ഞു. എന്നാൽ വരാൻ കഴിയാത്ത സാഹചര്യം. തമിഴിലെ പ്രശസ്തരായ സംവിധായകർ എന്നെ അന്വേഷിച്ചതായി അറിഞ്ഞെങ്കിലും ആ സിനിമയിലേക്കൊന്നും എത്താൻ കഴിഞ്ഞില്ല.
എന്തൊരു നടൻ
എന്നെ വിസ്മയിപ്പിച്ച നടനാണ് ഗുരു സോമസുന്ദരം. ഒപ്പം ജോലി ചെയ്യാൻ രസമാണ്. നാടക വർക്ഷോപ്പിലും വ്യക്തിത്വവികസന ക്ളാസിലും അദ്ധ്യാപകനായി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുണ്ട്. അതിനാൽ ഗുരു സോമസുന്ദരത്തിന്റെ കാഴ്ചപ്പാട് വിപുലമാണ്. അഭിനയിക്കുമ്പോൾ തന്റെ കൈയിൽ നിന്ന് എന്തെങ്കിലും കൂടി ഇടാൻ ശ്രമിക്കും. ഒന്നും വലിച്ചു ചെയ്യാതെ കൃത്യമായ പാകത്തിൽ നല്ലതുകൊടുക്കാൻ ശ്രമിക്കുന്ന ആ കല ഞാൻ നോക്കി പഠിച്ചു. ഷിബുവും ഉഷയുമായി കാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ എന്നെ പഠിപ്പിക്കാൻ വന്നില്ല. ഞാൻ പറയുന്നത് പൂർണമായി അംഗീകരിക്കാൻ തയ്യാറാകുന്നു. സോമസാറിന്റെ സിനിമകൾ മുൻപ് കണ്ടിട്ടില്ല. നാടക നടനാണെന്ന് അറിയാമായിരുന്നു. ലൊക്കേഷനിലാണ് ആദ്യമായി പരിചയപ്പെടുന്നത്.
തിരക്കഥ എഴുതും
തേവര സേക്രട്ട് ഹാർട്ട് കോളേജിൽ മാസ്റ്റർ ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഫൈനൽ സെമസ്റ്റർ സമയത്താണ് മിന്നൽ മുരളി ചെയ്യുന്നത്. കോഴ്സ് കഴിഞ്ഞു പരസ്യ ഏജൻസിയിൽ കോപ്പി റൈറ്ററായി ഏഴുമാസം ജോലിചെയ്തു.  ഇഗ്നോയിൽ ബി. എ സോഷ്യോളജി പഠനം. ആസമയത്ത് ഷൂട്ടിംഗും പഠനവും ഒന്നിച്ചുകൊണ്ടുപോയി. ദുബായിലെ ബിസിനസ് ഉപേക്ഷിച്ചു മടങ്ങി വന്നിരിക്കുകയാണ്.തിരുവനന്തപുരമാണ് നാട്.
ബംഗളൂരുവു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയിൽ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുന്നു. തിരക്കഥ എഴുതാൻ താത്പര്യമുണ്ട്. എന്നാൽ അതിന് സമയം ആയിട്ടില്ല. വിദൂരഭാവിയിൽ പ്രതീക്ഷിക്കാം. സംവിധാനം പഠിക്കാൻ ആഗ്രഹമുണ്ട്. എഴുത്ത് കൈയിൽ ഉള്ളതായതിനാൽ ആരെയും ആശ്രയിക്കാതെ ചെയ്യാമല്ലോ.
മിന്നൽ ആദ്യ കൊമേഴ്സ്യൽ
മിന്നൽ മുരളിയിലേക്കാണ് ആദ്യമായി വിളിക്കുന്ന കൊമേഴ്സ്യൽ ചിത്രം. എന്തുകൊണ്ട് ബേസിൽ വിളിച്ചുവെന്ന്അറിയില്ല. വലിയ ഒരു സിനിമയിലേക്ക് ഇപ്പോഴാണ് വിളി വന്നത് . പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച കഥാപാത്രവും ലഭിച്ചു. 'ഈട"യിൽ നല്ല കഥാപാത്രമായിരുന്നെങ്കിലും പ്രേക്ഷകരിൽ എത്തിയില്ല. മിന്നൽ മുരളി കഴിഞ്ഞു പുതിയ സിനിമകളിലേക്ക് വിളി വന്നിട്ടുണ്ട്. തത്കാലം കുറച്ചു നാളത്തേക്ക് സീരിയൽ വേണ്ട എന്ന തീരുമാനത്തിലാണ് ജോലിയിൽ പ്രവേശിച്ചത്. സിനിമ പോലെയല്ല സീരിയൽ. രാവിലെ ആറ് മുതൽ രാത്രി വരെ ചിത്രീകരണം ഉണ്ടാകും. സിനിമയിൽ എല്ലാ സീനിലും ഉണ്ടാവില്ല. സീരിയൽ ചെയ്താൽ ജോലി ഒപ്പം കൊണ്ടുപോകാൻ കഴിയില്ല.കൊവിഡ് സമയത്ത് കാശിന്റെയും ജോലിയുടെയും സ്ഥിരം വരുമാനം ഇല്ലാത്തതിന്റെയും വില മനസിലാക്കി. ജോലി വേണമെന്ന ചിന്തയാണ് സുരക്ഷിതമായ ഇടത്തിൽ എത്തിച്ചത്.