
മലയാളത്തിലെ അനുഗ്രഹീത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ  ഇളയ മകൾ. ഈ  വിലാസം ലഭിച്ചതിൽ ഏറെ അഭിമാനമാണ് ശൈലജയ്ക്ക്.  വൈകിയാണ് അച്ഛന്റെയും സഹോദരങ്ങളുടെയും പാത പിന്തുടരാൻ ശൈലജ തീരുമാനിക്കുന്നത്. ഏത് ജോലി ചെയ്താലും തനിക്ക് സംതൃപ്തിയാണ് പ്രധാനം എന്നാണ് ശൈലജയുടെ പക്ഷം. അതിനാൽ അഭിനയകലയിലേക്ക് ചേക്കേറിയതിൽ വളരെയധികം സന്തോഷവതിയാണ് അവർ. കെ.കെ. രാജീവിന്റെ അന്ന കരിനീനയിൽ തുടങ്ങി, അമ്മ അറിയാതെ, പ്രണയവർണങ്ങൾ തുടങ്ങിയ സീരിയലുകളും ദുൽഖർ സൽമാന്റെ സല്യൂട്ട് , ജോജു ജോർജിന്റെ ഒരു താത്വിക അവലോകനം,അജി ജോൺ, ഐ.എം. വിജയൻ എന്നിവർക്കൊപ്പം സിദ്ദി എന്നീ സിനിമകളും ചെയ്തു. കൂടാതെ, മനം അകലെ എന്ന മ്യൂസിക് ആൽബത്തിൽ മറവിരോഗം ബാധിച്ച അമ്മയുടെ വേഷം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  അഭിനയ ജീവിതത്തിലെ  വിശേഷങ്ങളെക്കുറിച്ച് ശൈലജ സംസാരിക്കുന്നു.

പുതിയ പാതയിലേക്ക്
'അച്ഛന്റെ മകൾ എന്ന ധൈര്യം പോരെ നിനക്ക് " എന്ന നടൻ മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രന്റെ വാക്കുകളാണ് ശൈലജയ്ക്ക് അഭിനയ രംഗത്തേക്ക് വരാൻ കരുത്തേകിയത്. അഭിനയരംഗത്തേക്ക് വരണമെന്ന ഒരു ചിന്തയും എനിക്കില്ലായിരുന്നു. കുടുംബജീവിതവും ജോലിയും നന്നായി കൊണ്ട് പോകാനുള്ള  അന്തരീക്ഷം വേണമെന്ന ആഗ്രഹമേ  ഉണ്ടായിരുന്നുള്ളൂ. ഒരാൾക്ക് അവരുടേതായ സ്വകാര്യത കാണുമല്ലോ. അമ്പലത്തിലേക്ക് പോകാനോ അല്ലെങ്കിൽ ഒരു സിനിമ കാണാനോ പറ്റാത്തത്ര ബുദ്ധിമുട്ട് ആയിരിക്കും എന്നായിരുന്നു എന്റെ മനസിൽ.  അച്ഛനും ചേട്ടനും (സായ് കുമാർ) ചേച്ചിയ്ക്കും (ശോഭ മോഹൻ) ആ സ്വകാര്യത നഷ്ടപ്പെടുന്നത് കണ്ടാണ് ഞാൻ വളർന്നത്. ഇതെല്ലാം അറിയുന്നത് കൊണ്ടായിരിക്കാം എനിക്ക് സിനിമ മേഖലയോട് വലിയ താത്പര്യം ഇല്ലായിരുന്നു. മാത്രമല്ല, വീട്ടിൽ അച്ഛനും അമ്മയ്ക്കും ചേട്ടനും പെൺകുട്ടികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് താത്പര്യമില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് നായികയാകാൻ വിളിച്ചിരുന്നെങ്കിലും അത് വേണ്ടെന്ന് വെച്ചു. പഠിച്ചുകഴിഞ്ഞുടനെ ജോലി കിട്ടി, പിന്നാലെ കല്യാണവും.  18 വർഷം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്തായിരുന്നു ജോലി. ആ ജോലിയിൽ  സംതൃപ്തയായിരുന്നു. ഒരുപാട് മനുഷ്യരെ സേവിക്കാൻ പറ്റുക, നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക. അതെല്ലാമായിരുന്നു എന്റെ സന്തോഷം. തിരുവനന്തപുരം പട്ടം എസ്.യു.ടിയിലാണ് ജോലി ചെയ്തത്. നടുവേദനയുടെ ചികിത്സയ്ക്കായി  നീണ്ട അവധി എടുക്കേണ്ടി വന്നു. ആ സമയത്താണ് കൊവിഡിന്റെ ആരംഭം. വീണ്ടും ജോലിയിലേക്ക് തിരിച്ചുപോയില്ല. അപ്പോഴാണ് സന്ധ്യച്ചേച്ചി സീരിയലിൽ അതിഥി വേഷം  ചെയ്യാമോ എന്ന് ചോദിക്കുന്നതും പ്രചോദനം നൽകി എന്നെ സമ്മതിപ്പിക്കുന്നതും.

ഏറെ വിലപ്പെട്ട പാഠം
കെ.കെ. രാജീവ് സാറിന്റെ അന്ന കരീനയിലൂടെയാണ് ആദ്യമായി ഞാൻ  കാമറയെ അഭിമുഖീകരിക്കുന്നത്. എനിക്ക് എന്ത് ചെയ്യണം എന്നൊന്നും അറിയില്ലെന്നും അഭിനയരംഗത്ത് മുൻപരിചയം ഇല്ലെന്നും ഞാൻ സാറിനോട് പറഞ്ഞു. അച്ഛന്റെ മകൾ എന്നൊരു ധൈര്യമായിരുന്നു അവർക്കും ഉണ്ടായിരുന്നത്. എന്തെങ്കിലും കഴിവ് എന്നിൽ കാണുമെന്ന് അവർക്ക് വിശ്വസമുണ്ടായിരുന്നു. അഭിനയിക്കാതെ  ഒരു സന്ദർഭം വന്നാൽ ഞാൻ എങ്ങനെ അതിനോട് പ്രതികരിക്കും, അതുതന്നെ കാമറയ്ക്ക് മുന്നിൽ കാണിച്ചാൽ മതി എന്നുമുള്ള സാറിന്റെ ഉപദേശം  സഹായിച്ചു. തുടക്കത്തിൽ തന്നെ സാറിന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതാണ്  ആത്മവിശ്വാസം വർധിപ്പിച്ചത്. ചെറിയ വേഷമായിരുന്നെങ്കിലും ഏറെ അഭിനന്ദനങ്ങൾ ആ കഥാപാത്രത്തിലൂടെ  ലഭിച്ചു. ഇപ്പോൾ അഭിനയിക്കുന്നതും  സാറിന്റെ  പ്രണയവർണങ്ങൾ എന്ന സിനിമയാണ്. ഒരു അഭിനേതാവെന്ന നിലയിൽ മെച്ചപ്പെട്ടത് സാറിന്റെ കൂടെ പ്രവർത്തിച്ചതുകൊണ്ടാണ്.
സഹോദരങ്ങളുടെ അഭിപ്രായം
ആദ്യത്തെ സീരിയൽ കണ്ട് സഹോദരിമാർ എല്ലാവരും അഭിപ്രായം  പറഞ്ഞു. മെച്ചപ്പെടുത്തേണ്ട ഭാഗങ്ങൾ ചൂണ്ടിക്കാട്ടി. സംസാരിക്കുമ്പോൾ ഒരു ചുണ്ടുപിടിത്തമുണ്ട്, ഇടയ്ക്ക് താഴോട്ട് നോക്കുന്നുണ്ട് എന്നെല്ലാം എന്നോട് പറഞ്ഞിരുന്നു. ആദ്യത്തേതിനെ അപേക്ഷിച്ച് ഇപ്പോൾ നല്ല മികവുണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. അങ്ങനെ ആണല്ലോ, ഓരോ ദിവസവും കഴിയുംതോറും മെച്ചപ്പെട്ടു വരും. അച്ഛന്റെയും സഹോദരങ്ങളുടെയും പേര് ഞാനായിട്ട് കളയുമോ, അവർക്ക് നാണക്കേടാകുമോ എന്ന ഭയം ഉണ്ടായിരുന്നു. സായിയും ശോഭേച്ചിയും നാടകങ്ങളിലെല്ലാം അഭിനയിച്ച് ഒരുപാട് അനുഭവസമ്പത്ത് ഉള്ളവരാണ്. അവർ നല്ലത് പറയുമ്പോൾ സന്തോഷം.
അഭിമാനമാണ് അച്ഛൻ
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അതുകൊണ്ട് എല്ലാവരും പറഞ്ഞുകേട്ട അച്ഛന്റെ ഓർമകൾ മാത്രമേ എനിക്കുള്ളൂ. അച്ഛൻ മരിച്ചിട്ട് 35 വർഷമാകുന്നു. കഴിഞ്ഞ വർഷം അമ്മ വിജയലക്ഷ്മി മരിച്ചു. അച്ഛന്റെ മകളായിട്ട് ജനിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യമായാണ്  കരുതുന്നത്. അച്ഛന്റെ മകൾ ആണെന്ന് പറയുമ്പോൾ എനിക്ക് കിട്ടുന്ന ബഹുമാനം മാത്രം നോക്കിയാൽ മതി അച്ഛന്റെ വില മനസിലാക്കാൻ. അച്ഛന്റെ സംരക്ഷണം ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഏത് സിനിമയ്ക്ക് വേണ്ടിയാണെങ്കിലും അച്ഛൻ സ്വയം സമർപ്പിച്ച് അഭിനയിക്കുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. വേലുത്തമ്പി ദളവയുടെ വേഷം ചെയ്യാനായി 41 ദിവസം വ്രതം നോറ്റ്, കഞ്ഞിവെയ്പ്പ് നടത്തി. അവിടെയുള്ള വേലുത്തമ്പി ദളവയുടെ വാളിന്റേത് പോലെ, അതേ തൂക്കത്തിൽ ഒരു വാൾ നിർമ്മിച്ച് പൂജിച്ചിരുന്നു. അമ്മ ആ വാൾ പൂജാമുറിയിൽ വെച്ച് പൂജിക്കുമായിരുന്നു. ചെമ്മീൻ സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് മുക്കുവരുടെ കൂടെ ജീവിച്ച്, അവരുടെ പെരുമാറ്റ രീതി അച്ഛൻ പഠിച്ചെടുത്തിരുന്നു. മാത്രമല്ല, ഒരു മുക്കുവൻ ഇട്ടിരുന്ന വസ്ത്രം വാങ്ങി, അത് ധരിച്ച് അഭിനയിച്ചു എന്നും കേട്ടിട്ടുണ്ട്. അച്ഛൻ അത്രയ്ക്ക് സമർപ്പണത്തോടെ, ആ ഒരു ഫീൽ വരുത്തിയാണ് അഭിനയിച്ചിരുന്നത്. അരനാഴിക നേരം എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ അച്ഛന് 45 വയസായിരുന്നു. ആ സിനിമയിൽ 90 വയസുള്ള കുഞ്ഞേനാച്ചൻ എന്ന വൃദ്ധനായി അഭിനയിച്ച്, തിരിച്ച് വീട്ടിലേക്ക് വന്നപ്പോൾ അമ്മയ്ക്ക് ആളെ മനസിലായില്ല. യാചകൻ എന്ന സിനിമയിൽ ഭിക്ഷക്കാരന്റെ വേഷം ചെയ്തിട്ട് ആ വേഷത്തിൽ നാട്ടുകാരിൽ നിന്നും പണം വാങ്ങി, പിന്നീട് തിരിച്ചേൽപ്പിച്ചപ്പോഴാണ് അവർ അത് അച്ഛനായിരുന്നു എന്നറിയുന്നത്. അങ്ങനെയുള്ള രസകരമായ കഥകളും കേട്ടിട്ടുണ്ട്. ഏതു വേഷം ചെയ്താലും അന്നത്തെകാലത്തെയും ഇന്നത്തെയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
കുടുംബത്തിന്റെ പിന്തുണ
സിനിമാരംഗത്തേക്ക് വരാൻ ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് ഭർത്താവും മക്കളുമാണ്. ഭർത്താവ് സി.കൃഷ്ണകുമാർ, നീലഗീരിസ് ഗ്രൂപ്പിന്റെ റീട്ടെയിൽ വിഭാഗം റീജിയണൽ ഹെഡ് ആണ്. മൂത്തമകൻ ശ്രീചന്ദ്, മെക്കാട്രോണിക്സ് എൻജിനിയറിംഗ് പൂർത്തിയാക്കി.  പട്ടം എസ്.യു.ടി ആശുപത്രിയിൽ ഐ.ടി വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇളയമകൻ സായി കൃഷ്ണ പട്ടം സെന്റ് മേരീസിൽ പത്താം ക്ലാസ് വിദ്യാർത്ഥി. സല്യൂട്ട് സിനിമയിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചു. അഭിനയിക്കാൻ വലിയ താത്പര്യമാണ് . പഠിത്തം കഴിഞ്ഞ് അഭിനയരംഗത്തേക്ക് പ്രവേശിക്കാമെ ന്ന ഉപദേശം നൽകിയിട്ടുണ്ട്.