
ഏഴു വർഷം മുൻപ്  ഇഷ്ടി എന്ന സംസ്കൃത സിനിമയിലൂടെ അരങ്ങേറ്റം. അങ്കമാലി ഡയറീസിൽ പെപ്പെയുടെ സഹോദരി, ആട് 2 ൽ റേച്ചൽ. സൺഡേ ഹോളിഡേ, വില്ലൻ, കോണ്ടസ  തുടങ്ങി ശ്രദ്ധേയമായി ഒരുപടി സിനിമകളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഒ.ടി.ടി റിലീസിയായി എത്തിയ ഷെയ് ൻ നിഗം ചിത്രം ഭൂതകാലം  പ്രിയ എന്ന കഥാപാത്രത്തെ ആതിര പട്ടേലിന് സമ്മാനിച്ചു.  അമ്മയുടെ ഹേന ചന്ദ്രന്റെ കഥയിലും സംവിധാനത്തിലും പിറന്ന കൊച്ചുറാണി എന്ന ഹ്രസ്വചിത്രത്തിൽ കൊച്ചിറാണിയായി തിളങ്ങി ആതിര പട്ടേൽ.
ഭൂതകാലം നല്ല അനുഭവം
ഭൂതകാലത്തിൽ എനിക്ക് ഏകദേശം ഒരാഴ്ചത്തെ ഷൂട്ടാണ് ഉണ്ടായിരുന്നത്. ഒരു പാട്ടിന്റെ സീക്വൻസും, അല്ലാതെ കുറച്ച് രംഗങ്ങളും. കൂടുതൽ രംഗങ്ങളും ഷെയിൻ നിഗമിന്റെ കൂടെയായിരുന്നു . ഭൂതകാലം ടീമിനൊപ്പം ജോലി ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. ഷൂട്ടിംഗ് കൊവിഡ് സമയത്ത് ആയതിനാൽ ചെറിയ ടീം ആയിരുന്നു. അതുകൊണ്ട് വളരെ കംഫർട്ടബിൾ ആയിരുന്നു. സിനിമയുടെ സംവിധായകൻ രാഹുലേട്ടന്റെ (രാഹുൽ സദാശിവൻ) കൂടെ വർക്ക് ചെയ്തതും നല്ല അനുഭവമായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നെ മുമ്പ് കണ്ട് പരിചയം ഉള്ളതുപോലെയുണ്ടായിരുന്നു. അതിനാൽ എളുപ്പത്തിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞു. പിന്നെ എനിക്ക് ഷെയ്നിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണ്. ഷെയ്നിനെ പരിചയപ്പെടുന്നതും ഒന്നിച്ച് വർക്ക് ചെയ്യുന്നതും വളരെ നല്ല അനുഭവമായിരുന്നു. ഇത്രയും നാളും സിനിമയിൽ കണ്ടൊരാളുടെ ഒപ്പം അഭിനയിക്കുന്നതും അയാൾ അഭിനയിക്കുന്നത് കാണുന്നതും വളരെ എക്സൈറ്റിംഗ് ആയിരുന്നു.

കൊച്ചുറാണിയുടെ പ്രസക്തി
ആതിരയുടെ അമ്മ ഹേന ചന്ദ്രൻ വർഷങ്ങൾക്ക് മുമ്പ് എഴുതിയ ചെറുകഥ കൊച്ചുറാണി അടുത്തിടെ ഹ്രസ്വ ചിത്രമായി എത്തി. ശക്തമായ സന്ദേശമാണ് കൊച്ചുറാണി നൽകുന്നത് . ഹേന തന്നെയാണ്സംവിധാനം. കൊച്ചുറാണിയുടെ എഡിറ്ററും അസോസിയേറ്റ് ഡയറക്ടറും ആതിരയുടെ സഹോദരൻ ആദിത്യ പട്ടേലാണ്. 'പണ്ടുമുതലേ അമ്മ എഴുതുമായിരുന്നു. അമ്മ ഏകദേശം 15 വർഷം മുമ്പ് എഴുതിയ ഒരു ചെറുകഥയാണ് കൊച്ചുറാണി. അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഷൂട്ടിംഗ് സെറ്റിൽ അമ്മയും കൂടെ വരുമായിരുന്നു. സിനിമയുടെ പിന്നണി പ്രവർത്തനങ്ങൾ കാണാനുള്ള താത്പര്യം അമ്മയ്ക്കുണ്ടായിരുന്നു. അതിനുശേഷം അമ്മ കുറച്ചു ഷോർട്ട് ഫിലിംസ് അസിസ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണ് കൊച്ചുറാണി ഹ്രസ്വ ചിത്രമാക്കാനും അമ്മ അത് സംവിധാനം ചെയ്യാനും തീരുമാനിക്കുന്നത്. 15 വർഷം മുൻപ് എഴുതിയ ചെറുകഥയാണെങ്കിലും ആ പ്രമേയത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. അമ്മയുടെ കഥകൾ ഇനിയും ഹ്രസ്വ ചിത്രമായും സിനിമയായും പ്രതീക്ഷിക്കാം. പക്ഷേ ഞാൻ അതിൽ കാണുമോ എന്നത് കഥാപാത്രത്തെ ആശ്രയിച്ചിരിക്കും. ഒരുപാട് തിരക്കഥകളും ചെറുകഥകളും അടച്ചുപൂട്ടി വെച്ചിട്ടുണ്ട്. അതെല്ലാം ഇനി ഓരോന്നായി പൊടിതട്ടിയെടുക്കണം."

കഥാപാത്രത്തിന്റെ പ്രാധാന്യം
അഭിനയത്തോട് ചെറുപ്പത്തിലേ താത്പര്യമുണ്ടായിരുന്നു. വൂജാ ദേ  ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് തുടക്കമിട്ടത്. പിന്നെ ഇഷ്ടി . ഞാൻ പുതുമുഖമായതിനാൽ നെടുമുടി വേണു സാർ കൂടെ നിന്ന് എല്ലാം പറഞ്ഞുതന്നു . സിനിമയിലെത്തിയതിന് ശേഷം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. കാമറയുടെ മുന്നിൽ നിൽക്കുമ്പോൾ മുഖത്ത് പ്രകാശം കിട്ടുന്ന രീതിയിൽ നിൽക്കണം, നമ്മൾ നിൽക്കുന്ന സ്ഥലത്ത് നിന്ന് ഒന്നു നീങ്ങിയാൽ പോലും കഥാപാത്രത്തെ എത്രത്തോളം ബാധിക്കും തുടങ്ങി കുറച്ച് സാങ്കേതിക വശങ്ങൾ മനസിലാക്കാൻ പറ്റി.  ഞാൻ  സംവിധായകന്റെ നടി ആണ്. സംവിധായകനെ  വിശ്വസിച്ച്, പറയുന്നത് മനസിലാക്കി അഭിനയിക്കുന്നതാണ് രീതി. അതിനാൽ ഓരോ സംവിധായകരുടെ കൂടെയും ജോലി ചെയ്യുമ്പോൾ ഓരോ അനുഭവങ്ങളാണ്. കഥ,  കഥാപാത്രം എന്നിവ നോക്കിയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്.
പട്ടേൽ വന്ന വഴി
കർണാടകയാണ്  അച്ഛൻ അരവിന്ദയുടെ നാട്.  അമ്മയുടെ നാട് ഇരിങ്ങാലക്കുട. അച്ഛൻ ക്രൈസ്റ്റ് കോളേജിൽ അദ്ധ്യാപകനായി വന്നതാണ്.  അമ്മയുടെ അച്ഛൻ കോളേജിലെ ഗണിതശാസ്ത്രം വിഭാഗം തലവനായിരുന്നു. കോളേജിൽനിന്ന് വിനോദയാത്ര  പോയപ്പോൾ അച്ഛനും അമ്മയും  പരിചയപ്പെടുകയും പിന്നീട് കല്യാണം കഴിക്കുകയും ചെയ്തു.