
ഫെമിന എന്ന പേരിനെപ്പറ്റി ഒരായിരം കുറ്റം വീട്ടിൽ ഫെമിന ജോർജ് എന്ന പെൺകുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. കേട്ടുപരിചയമുള്ള ഒരു പേര് ഇടാമായിരുന്നില്ലേ എന്ന് ചോദിക്കുമ്പോൾ സ്കൂൾ കുട്ടിയാണ് ഫെമിന. അതുകേട്ട് മകളെ പാളി നോക്കി ചിരിച്ച് അമ്മ റജീനാമ്മ ജെയിംസ് .ജനിക്കുന്നത് പെൺകുഞ്ഞായിരിക്കുമെന്ന് ഉറപ്പിച്ചപ്പോൾ അലീന എന്ന പേരിടാൻ തീരുമാനിച്ചു. എന്നാൽ ആസമയത്ത് എപ്പോഴോ ഫെമിന എന്ന പേര് വീണുകിട്ടി. വളർന്നപ്പോൾ ഫെമിന എന്ന പേരിനെ ഏറ്റവും സ്നേഹിച്ചത് ഫെമിന തന്നെയാണ്. അധികം ആർക്കും ഇല്ലാത്ത ,കേൾക്കുമ്പോൾ തന്നെ ഒാർത്തിരിക്കുന്ന പേര്. ഹോളിവുഡ് സിനിമകളെ തൂത്തുവാരി ലോക പട്ടികയിൽ ഇടംപിടിച്ച ടൊവിനോ തോമസിന്റെ മിന്നൽ മുരളിയിൽ കുറുക്കൻമൂലയുടെ ബ്രൂസ് ലി ബിജിയായി ഫെമിന ജോർജ് എന്ന നായിക 113 രാജ്യങ്ങളിൽ എത്തി. ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ മിന്നൽ കാഴ്ചയായി അതു മാറുകയും ചെയ്തു.
ബിജി Vs ഫെമിന
ബോൾഡ് പെൺകുട്ടിയാണ് ബിജി. അതേപോലെ ബോൾഡാണ് ഞാൻ. കഥാപാത്രം കുറെകൂടി ഭംഗിയായി കൈകാര്യം ചെയ്യാൻ അതിനാൽ സാധിച്ചുവെന്നാണ് വിശ്വാസം. തനിക്ക് എന്താണ് വേണ്ടതെന്ന് ബിജിക്ക് അറിയാം. അതേപോലെ എനിക്ക് വേണ്ടത് എന്താണെന്നും അറിയാം. എന്താണ് ശരി എന്ന് രണ്ടുപേർക്കും അറിയാൻ സാധിക്കുന്നു. ജീവിതത്തെപ്പറ്റി രണ്ടുപേർക്കും വ്യക്തതയുണ്ട്. ഫെമിന കുറച്ചുകൂടി സെൻസറ്റീവാണ്. വിഷമം വന്നാൽ പുറത്തുകാണിക്കും. ബിജി അത്ര സെൻസറ്റീവല്ല.
രണ്ടാഴ്ചത്തെ കരാട്ടെ
സിനിമയിലേക്ക് വരണമെന്ന ആഗ്രഹം കാരണമാണ് വിദേശപഠനം
ഉപേക്ഷിച്ച തുത്തന്നെ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ എംകോം പഠനം പൂർത്തിയാക്കി ഒരുമാസം കഴിഞ്ഞാണ് മിന്നൽ മുരളിയുടെ ഒാഡിഷൻ. കുട്ടിക്കാലം മുതൽ സിനിമയെ ഒരുപാട് സ്നേഹിച്ചു. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന ആഗ്രഹം പിന്നീട് എപ്പോഴോ എന്റെ ഒപ്പം വളർന്നു. അഭിനയമായിരുന്നു കുറച്ചുകൂടി ഇഷ്ടം. ആഗ്രഹം വളർന്നപ്പോൾ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചു. ഒാഡിഷൻ വിടാതെ പിടിച്ചു. ഇൻസ്റ്റഗ്രാമിൽ മിന്നൽ മുരളിയുടെ ഒാഡിഷൻ കാൾ കണ്ടാണ് അയയ്ക്കുന്നത്. മാർഷ്യൽ ആർട്സ് അറിയുന്നവരെയാണ് വേണ്ടത്. സ്കൂളിൽ പഠിക്കുമ്പോൾ രണ്ടാഴ്ച കരാട്ടെ ക്ളാസിൽ പങ്കെടുത്തതിന്റെ ധൈര്യത്തിൽ വെറുതേ അയച്ചു. ഒാഡിഷൻ കഴിഞ്ഞപ്പോൾ ശരീരഭാരം കുറയ്ക്കാൻ പറഞ്ഞു. പിന്നേ ട്രെയിനിംഗും ഗ്രൂമിംഗ് തന്നു മെല്ലേ മിന്നൽമുരളിയുടെ ഭാഗമായിത്തീർന്നു.

അടിച്ചുമോനെ അടിച്ചു
ഒരു ബമ്പർ ലോട്ടറി അടിച്ച അവസ്ഥയാണ്. സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ആഗോള റിലീസായി എത്തുന്ന മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയുടെ ഭാഗമാകണമെന്ന് ഒരിക്കലും സ്വപ്നം കണ്ടില്ല. നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് തുടക്കം കുറിക്കണം എന്ന് മാത്രം ആഗ്രഹിച്ചു. മികച്ച കഥാപാത്രത്തെ ആദ്യ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. 'ഇൗശ്വരാ, ഞാൻ ഇതിന്റെ ഭാഗമായോ" എന്ന് സ്വയം ചോദിക്കാറുണ്ട്. ഭാഗ്യം എന്നിൽ എവിടെയോ കിടക്കുന്നത് കൊണ്ടാവും ഇങ്ങനെ സംഭവിച്ചത്. ബേസിലേട്ടൻ നല്ല നിർദ്ദേശം തന്നതിന്റെ ഗുണം തീർച്ചയായും ലഭിച്ചിട്ടുണ്ട്. ടൊവി ചേട്ടന്റെ കൂടി രണ്ട് സീൻ അധികം ഉണ്ടെങ്കിൽ പോലും ടെൻഷൻ തോന്നിയില്ല. എനിക്കുവേണ്ടി രണ്ടോ മൂന്നോ ടേക്ക് കൂടുതൽ പോയാലും ടൊവി ചേട്ടൻ അവിടെ നിൽക്കും. അതുപോലെ തന്നെ മടികാണിക്കാതെ ബേസിലേട്ടനും എന്റെ കംഫർട്ടാക്കി.
സിനിമയാക്കണം എന്റെ വഴി
കൊച്ചി വൈറ്റിലയാണ് നാട്.അച് ഛൻ കെ.പി. വർക്കി ബിസിനസ് ചെയ്യുന്നു.ജോയി എന്നാണ് എല്ലാവരും വിളിക്കുന്നത്. സീന എന്നാണ് അമ്മയെ വീട്ടിൽ വിളിക്കുന്ന പേര്.സൗദിയിൽ നഴ്സായിരുന്നു. ഇപ്പോൾ ബിസിനസിലേക്ക് തിരിഞ്ഞു. അനുജൻ ഫെബിൻ കാനഡയിൽ ജോലി ചെയ്യുന്നു.സിനിമയാക്കണം എന്റെ വഴി എന്ന് നേരത്തേ തീരുമാനിച്ചതാണ്.മിന്നൽമുരളിയുടെ ഒാഡിഷന് അയയ്ക്കുന്നത് സിനിമയെ വളരെ ഗൗരവമായി കണ്ടതുകൊണ്ട് മാത്രമാണ്. സിനിമയിൽ വരണം. ഒരു നടിയാവണം. ആ യാത്ര മുന്നോട്ട് പോവണം എന്ന ദൃഢമായ ആഗ്രഹത്തോടെയാണ് വന്നത്. ഇനിയും നല്ല ടീമിന്റെ ഭാഗമാവണം. കഥകൾ കേൾക്കുന്നുണ്ട്.കുറുക്കൻമൂലയിലെ ഒരേയൊരു ട്രാവൽ ഏജന്റ് കം കരാട്ടെ മാസ്റ്റർ ബ്രൂസ് ലി ബിജിയെ പോലെ നല്ലൊരു കഥാപാത്രം ഇനിയും വരട്ടെ. വൈകാതെ അതു സംഭവിക്കട്ടെ എന്നാണ് പ്രാർത്ഥന.