
ന്യൂഡൽഹി: സ്വന്തം പത്രം പ്രചരിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡിയും ഒപ്പും നിർമിച്ചതിന് 2016ൽ ഫയൽ ചെയ്ത എഫ് ഐ ആർ പ്രകാരം മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിലായി. ഭുവനേശ്വറിൽ ഒരു പ്രതിവാര പ്രാദേശിക പത്രം നടത്തുകയായിരുന്ന മനോജ് കുമാറിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
യോഗി ആദിത്യനാഥ് നേരിട്ട് ആശയവിനിമയം നടത്തുകയാണെന്ന പ്രതീതിയുണ്ടാക്കുന്നതിനായാണ് ഇയാൾ വ്യാജ ഇമെയിൽ ഐഡിയും ഒപ്പും നിർമിച്ചത്. തന്റെ പത്രത്തിൽ പരസ്യം ലഭിക്കുന്നതിനായി ഇത്തരം ഇമെയിലുകൾ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പോലുള്ള പൊതുമേഖലാ കമ്പനികൾക്കും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനും (ഗെയിൽ) പ്രതി അയച്ചിരുന്നു. എല്ലാ സന്ദേശങ്ങളിലും യോഗിയുടെ വ്യാജ ഒപ്പുമുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയം ഖൊരക്‌പൂരിൽ നിന്നുള്ള എം പിയായിരുന്നു യോഗി. ഒഡീഷയിലെ കട്ടക്കിൽ ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടിയതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യോഗി ആദിത്യനാഥിന്റെ അന്നത്തെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന രാജ് ഭൂഷൺ സിംഗ് റാവത്ത് 2016ൽ ഡൽഹി പോലീസിനെ സമീപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സന്ദേശങ്ങൾ അയക്കുന്നതിനായി യോഗിയുടെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡി ഉപയോഗിക്കുന്നുവെന്ന് കാണിച്ച് രാജ് ഭൂഷൺ നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റുണ്ടായത്.