
ഒരു സിനിമ സംവിധാനം ചെയ്ത ശേഷം വിവാഹം എന്നായിരുന്നു കണ്ണൻ താമരക്കുളത്തിന്റെ തീരുമാനം . ഏഴുസിനിമകൾ സംവിധാനം ചെയ്തു പതിനഞ്ചുവർഷം നീണ്ട കാത്തിരിപ്പുമായി ആ യാത്ര മുന്നോട്ടു പോകുമ്പോൾ  ലോക് ഡൗൺ.അതോടെ ജീവിതത്തിൽ ആ മംഗളകർമ്മം സംഭവിച്ചു. സോഫ്ട് വെയർ എൻജിനിയറായ വിഷ്ണുപ്രിയ പ്രിയപാതിയായി  ഒരുവർഷം മുൻപ് കയറിവന്നു. മൂന്നു സിനിമകൾക്ക് കൂടി ആക്ഷൻ പറഞ്ഞു. ജീവിതത്തിൽ ആദ്യമായി അച്ഛൻ വേഷം അണിഞ്ഞതാണ് അടുത്ത മംഗളകാര്യം. മകൾ ചൈതന്യയ്ക്ക് രണ്ട് മാസം പ്രായം.
ലോക് ഡൗൺ സമയത്ത് ആദ്യമായി ചിത്രീകരണം ആരംഭിച്ച മലയാള ചിത്രം ഉടുമ്പ് കണ്ണൻ താമരക്കുളത്തിന്റെ അക്കൗണ്ടിൽനിന്നാണ് ഇറങ്ങി വന്നത്. ഉടുമ്പിന്റെ റീമേക്കിലൂടെ ബോളിവുഡിലേക്കും ചുവടുവയ്ക്കുന്നു.
ലോക് ഡൗണിൽ
മൂന്ന് സിനിമ
ആദ്യ ലോക് ഡൗൺ  പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുൻപ് വിധിയുടെ ചിത്രീകരണം പൂർത്തിയായതാണ്. മൂന്ന് സിനിമകൾ കൊവിഡ് ലോക്ക്ഡൗണിൽ തുടക്കം കുറിക്കുകയും രണ്ടു ചിത്രങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഉടുമ്പ്, വരാൽ എന്നീ ചിത്രങ്ങളാണ് പൂർത്തിയായത്. വിരുന്ന് ചിത്രീകരണം പുരോഗമിക്കുന്നു. ഉടുമ്പ് തിയേറ്ററിലും ടിവിയിലും വന്നു. റിലീസിന് മുൻപേ ഹിന്ദി, തെലുങ്ക് റീമേക്ക് അവകാശം വിറ്റുപോയി. ഒരേ ടീമിനൊപ്പം സിനിമ ചെയ്യുന്ന രീതി ഇപ്പോൾ മാറി. അനൂപ് മേനോനാണ് പുതിയ ചിത്രമായ വരാലിന്റെ തിരക്കഥാകൃത്ത്. എട്ട് സിനിമകൾക്ക് ദിനേശ് പള്ളത്തിന്റെ തിരക്കഥ. അടുത്ത സിനിമയുടെ തിരക്കഥ എം. സിന്ധുരാജിന്റെയാണ്. ആദ്യത്തെ നാല് ചിത്രങ്ങൾക്ക് പ്രദീപ് നായർഛായാഗ്രഹണംനിർവഹിച്ചു. ഇപ്പോൾ അഞ്ച് സിനിമകൾക്ക് രവിചന്ദ്രൻ . വർഷങ്ങളായി അടുപ്പം ഉള്ളവരും പരസ്പരം തിരിച്ചറിയാൻ കഴിയുന്നവരുമായതിനാൽ സുഗമമായി പോകാൻ കഴിയുന്നു. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്.ചിത്രീകരണം ആരംഭിക്കാൻ പോവുന്ന സിനിമകൾ മൊത്തം പൊളിച്ചോണ്ടിരിക്കുകയാണ്. പുതിയ ആളുകളെ കാണാം.

സിനിമാക്കാരില്ലാത്ത
താമരക്കുളം
ഇരുപത്തിയഞ്ചുവർഷംമുൻപ് സിനിമയുമായി ബന്ധമുള്ള ആരും തന്നെ നാട്ടിലില്ല. സിനിമ കാണുന്നവരും കുറവ്. ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമ പ്രദേശം. താമരക്കുളം കൃഷ്ണ തിയേറ്ററിലായിരുന്നു എന്റെ സിനിമ കാണൽ. സിനിമയോട് ആവേശം കേറിയപ്പോൾ ചാരുംമൂട് സഫാറ തിയേറ്ററിലേക്കും യാത്ര തുടങ്ങി. എന്നെ സിനിമകൾ കാണിച്ച കൃഷ്ണയും സഫാറയും ഇപ്പോഴില്ല. സിനിമയിൽ എങ്ങനെയെങ്കിലും കയറണം എന്നതുമാത്രമായിരുന്നു ആഗ്രഹം. അതിനുവേണ്ട ശ്രമം നടത്തി. അഭിനയമാണ് ലക്ഷ്യം. രജിസ്ട്രേഷന് വീട്ടിൽ കള്ളംപറഞ്ഞ് പണം വാങ്ങി അയയ്ക്കും. സിനിമ കാണുന്നു. സംഘട്ടനം ത്യാഗരാജൻ, സംവിധാനം ഐ.വി. ശശി. ഇത് രണ്ടേ അറിയൂ. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചിറ്റപ്പൻ ചികിത്സയ്ക്കായി പോവുന്നു. കൂട്ടിരിപ്പുകാരനായി പോകാമെന്ന് ഞാൻ. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ സമയം.സിനിമയുമായി ബന്ധമുള്ള സ്ഥലമാണ് തിരുവനന്തപുരം .അതിനാൽ എങ്ങനെയെങ്കിലും സിനിമയിൽ കയറികൂടാമെന്ന ആഗ്രഹത്തിലാണ് എന്റെ യാത്ര. കുടപ്പനക്കുന്നിലും, പേരൂർക്കടയിലും ശ്രീകാര്യത്തും  ബസിൽ യാത്ര ചെയ്തു ഷൂട്ടിംഗ് അന്വേഷിച്ചു. ഒരുദിവസം സിനിമയുടെ യൂണിറ്റ് വണ്ടി റോഡിൽ കിടക്കുന്നതുകണ്ടു. വാഹനത്തിൽ നിന്നുള്ള കേബിളിൽ പിടിച്ച് ലൊക്കേഷൻ കണ്ടെത്തി. ശാന്തിതീരങ്ങൾ സിനിമയുടെ ലൊക്കേഷനായിരുന്നു അത്. സഹസംവിധായകനായി പ്രവർത്തിക്കാൻ അവസരം . ചിറ്റപ്പൻ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു ഒരുമാസം കഴിഞ്ഞാണ് എനിക്ക് വീട്ടിൽ വരാൻ കഴിഞ്ഞത്. ശാന്തിതീരങ്ങൾ പുറത്തിറങ്ങിയില്ല. എന്നാൽ എനിക്ക് പുതിയ സൗഹൃദങ്ങൾ തന്നു. ഐ.വി. ശശിസാർ, മോഹൻ കുപ്ളേരി എന്നിവരുടെ ശിഷ്യനായി പ്രവർത്തിക്കാനും അവസരം.

സിനിമ ചെയ്യാൻ
തീരുമാനിച്ചപ്പോൾ...
നിർമ്മാതാവ് അരോമ മണി സാറിന്റെ അടുത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ കഥ പറയാൻ പോയി. കഥ ഇഷ്ടപ്പെട്ടു. അപ്പോൾ സാറിന് ഒരു ഫോൺ വന്നു. സിനിമ ചെയ്യുന്നതിന് മുൻപ് ഒരു സീരിയൽ. ഞാൻ സമ്മതിച്ചു. അത് ശരിയായിരുന്നുവെന്നോ തെറ്റായിരുന്നുവെന്നോ ഇപ്പോഴും അറിയില്ല. ആ പ്രായത്തിൽ പെട്ടെന്ന് സംവിധായകനാകാൻ വഴി തുറന്നപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. അതാണ് 'മിന്നാരം" സീരിയൽ . പ്രവീണ ഇരട്ട വേഷത്തിൽ എത്തിയ സീരിയൽ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. പിന്നെ സീരിയൽ യാത്ര. മിഥുനം, വിശുദ്ധ തോമാ ശ്ളീഹ, അമ്മ, മാനസപുത്രി (തമിഴ്, തെലുങ്ക്) കുങ്കുമപ്പൂവിന്റെ തമിഴ്, തെലുങ്ക്, സ്വാമി അയ്യപ്പൻ എന്നിവയാണ് ശ്രദ്ധേയ സീരിയലുകൾ. മലയാളത്തിൽ ഒരുപാട് സിനിമകൾക്ക് മുന്നൊരുക്കം നടത്തി വർഷങ്ങൾ പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. സിരീയൽ ചെയ്തു എന്നത് വലിയ സംഭവമായി പലരും കണ്ടു. സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുപാട് കഷ്ടപ്പെട്ടു. മലയാളത്തിൽ ഒന്നും നടക്കാതെ വന്നപ്പോഴാണ് സൂരൈയാടൽ എന്റെ ആദ്യ സംവിധാന സംരംഭമായി തമിഴിൽ എത്തുന്നത്. സൂരൈയാടൽ മികച്ച വിജയവും നിരൂപക പ്രശംസയും നേടി. പുതുമുഖങ്ങളാണ് പ്രധാന വേഷത്തിൽ എത്തിയത്. തമിഴിൽ പിന്നീട് സിനിമ ചെയ്തില്ല. അർജുനും നിക്കി ഗൽറാണിയും പ്രധാന വേഷത്തിൽ എത്തുന്ന വിരുന്ന് മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നത്.
ജയറാം, അനൂപ് മേനോൻ,
പ്രകാശ് രാജ്
തിങ്കൾ മുതൽ വെള്ളിവരെ ആണ് മലയാളത്തിൽ ആദ്യ ചിത്രം. ആടുപുലിയാട്ടം എന്റെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമായി മാറി. വീണ്ടും ജയറാമേട്ടനൊപ്പം അച്ചായൻസ്. വരാൽ സിനിമയിൽ അനൂപ് മേനോനാണ് നായകൻ. അച്ചായൻസിലും വരാലിലും പ്രകാശ് രാജ് അഭിനയിച്ചു. വരാലിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ പ്രകാശ് രാജ് സാർ കഥ പോലും ചോദിച്ചില്ല. സമകാലീക രാഷ്ട്രീയവും കുടുംബ പശ്ചാത്തലവും ത്രില്ലറും ഉൾപ്പെടുന്ന വരാൽ വലിയ പ്രതീക്ഷ നൽകുന്നു. ട്വന്റി 20 ക്കുശേഷം ഏറ്റവും അധികം താരങ്ങൾ അഭിനയിക്കുന്ന സിനിമ. അനൂപ് മേനോനും പ്രകാശ് രാജ് സാറും സണ്ണിവയ്നുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിരുന്ന് പൂർണമായും ആക്ഷൻ ചിത്രം. ആടുപുലിയാട്ടത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നുണ്ട്.