
ആ പെണ്ണിന്റെ മുടിക്ക് എന്തൊരു ഭംഗിയാണ്. നല്ല നീളൻ മുടി.തോളിനു മുകളിൽ വരെയുള്ള ഷോർട്ട് ഹെയർ പെണ്ണിനെ കണ്ടാൽ സംഗതി സിംപിൾ, ലുക്ക് അടിപൊളിയെന്ന് പറയും. ആ വരുന്ന ചുരുണ്ടമുടിക്കാരി പെണ്ണിന്റെ സ്റ്റൈൽ ഒരു രക്ഷയുമില്ല.നല്ല മുടി നന്നായി സംരക്ഷിക്കുന്ന പെണ്ണുങ്ങളെ കണ്ടാൽ അസൂയയവും കുശുമ്പും ഒട്ടും കുറയാതെ പുറത്തുവരും.മുടി നൽകുന്ന അഴകും വ്യക്തിത്വവും വലുതാണെന്ന് യുവനടിമാരായ അനാർക്കലി മരിക്കാറും നൂറിൻ ഷെരീഫും, അമേയ മാത്യുവും നയന എത്സയും ഒരേ സ്വരത്തിൽ.
മുടി വളർത്തുന്നു 
അനാർക്കലി  മരിക്കാർ
ഷോർട്ട് ഹെയർ സ്റ്റൈലാണ് എന്റേത്. എന്റെ മുഖത്തിനും അതാണ് അനുയോജ്യം.മുടി ഉണക്കാൻ പാടുപെടേണ്ട. ചൂട് കുറവ്.സിനിമയിലെ കഥാപാത്രങ്ങളെ ഷോർട്ട് ഹെയർ സ്റ്റെൽ ബാധിക്കുന്നില്ല. വ്യത്യസ്ത നിറഞ്ഞവരാണ് എപ്പോഴും എന്റെ കഥാപാത്രങ്ങൾ.
ഗഗനചാരി സിനിമയിൽ അന്യഗ്രഹജീവി കഥാപാത്രം വന്നപ്പോൾ ഏറെ താത്പര്യം തോന്നി.ആരും ചെയ്യാത്ത കഥാപാത്രം. അതുകൊണ്ടുമാത്രമാണ് മുടിയിൽ പരീക്ഷണം നടത്താൻ തീരുമാനിച്ചത്. ഇടയ്ക്ക് നീല നിറം മുടി. മലയാളത്തിൽ ഇതിനു മുൻപ് അന്യഗ്രഹജീവി കഥാപാത്രം വന്നിട്ടില്ല. അങ്ങനെ വരുമ്പോൾ മുടി ഒരു ഘടകമാകാൻ പാടില്ലല്ലോ. ലോക് ഡൗൺ സമയത്ത് ഷെഡ്യൂൾ പാക്കപ്പ്. വീണ്ടും മുടിയിൽ നിറം പുരട്ടി. അതൊക്കെ ദോഷം ചെയ്തിട്ടുണ്ട്. അതിൽ നിന്നു പുറത്തുവരണം. മുടി പരിചരിക്കുന്നതിൽ മടിയുള്ള ആളായിരുന്നു.
ഇപ്പോൾ കുറെ ശ്രദ്ധിക്കുന്നുണ്ട്. നിറമുള്ള മുടി വളരാൻ വേണ്ടിയുള്ള ഷാംപു ആണ് ഉപയോഗിക്കുന്നത്. ഭക്ഷണക്കാര്യത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അപ്പോൾ ശരീരവും നന്നാകും. അതു മുടിയുടെ വളർച്ചയിലും പ്രതിഫലിക്കും. മുടി വളർത്താനാണ് ഇപ്പോൾ താത്പര്യം.

കാച്ചിയ എണ്ണയുടെ കരുത്ത് 
നൂറിൻ ഷെരീഫ്
ചകിരിനാരുകൂട്ടിയിട്ട പോലത്തെ മുടി, ന്യൂഡിൽസ് ഹെയർ ഈ വിളികളൊക്കെ കേൾക്കുന്നത് ആസ്വദിക്കുന്നു. മറ്റുള്ളവർ എന്നെ തിരിച്ചറിയുന്നതിന് ആദ്യ അടയാളം മുടി തന്നെയാണ്. എനിക്ക് ആത്മവിശ്വാസം നൽകുന്നതിൽ മുടി ഒരു ഘടകം എന്നു പറയാം. 
ഒരാൾക്ക് ആത്മവിശ്വാസം പകരുന്നത് ഒരുപാട് ഘടകങ്ങൾ ചേരുന്നതാണല്ലോ. കുട്ടിക്കാലം മുതലേ എനിക്ക് എന്റെ മുടി ഇഷ്ടമാണ്. ചുരുണ്ട മുടിക്കാരി എന്നത് ബോൾഡ് ലുക്ക് നൽകുന്നുണ്ടാവും. നീണ്ട മുടിയേക്കാളും അല്പം കൂടുതൽ പരിചരണം ചുരുണ്ട മുടിക്ക് ആവശ്യമാണ്.. മുടിയിൽ പെട്ടെന്ന് ഉടക്കുകൾ വരാം. വരണ്ടുപോകാതെയും ശ്രദ്ധിക്കണം. ചുരുണ്ട മുടിയായതിനാൽ കെട്ടി ഒതുക്കി നിറുത്തിയാൽ അതിന്റെ ഭംഗി പോകും. ഉമ്മ തയാറാക്കിയ കാച്ചിയ എണ്ണയാണ് ഉപയോഗിക്കുന്നത്. മുടിയിൽ നന്നായി തന്നെ പുരട്ടും. ഫ്ളാറ്റ് ബ്രഷ്, അല്ലെങ്കിൽ  ബെന്റ് ബ്രഷ് എന്നിവ ഉപയോഗിച്ച് ദിവസവും മുടി ചീകും. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതൊന്നും കഴിവതും ചെയ്യാറില്ല. കളറിംഗ് ചെയ്തതിനാൽ അധിക പരിചരണം ആവശ്യമാണ്. വീട്ടിലാണെങ്കിൽ കെട്ടിവയ്ക്കും. ഷാംപുവും കണ്ടീഷണറും ഉപയോഗിക്കാറുണ്ട്. മുടിയുടെ ഭംഗി എനിക്ക് നന്നായി മനസിലാകുന്നുണ്ട്.

പരീക്ഷണങ്ങൾക്ക്
നീളം മുടി
അമേയ മാത്യു
മുടി വളർത്തുന്നത് ഇഷ്ടമില്ലാത്ത കൂട്ടത്തിലായിരുന്നു. ഞാൻ മുടി വളർത്തുന്നത് പപ്പയ്ക്ക് മമ്മിയ്ക്കും ഇഷ്ടമല്ല. നീളം വച്ചാൽ അപ്പോൾത്തന്നെ മുറിക്കുന്നതായിരുന്നു രീതി. നീളമുള്ള മുടിയാണ് എനിക്ക് അനുയോജ്യമെന്ന് പലരും പറഞ്ഞു. അങ്ങനെ വളർത്തിയപ്പോൾ ഇടതൂർന്ന മുടി .സിൽക്കി സ്മൂത്ത് .കാ ണാൻ തന്നെ ഭംഗി. ഒരു വർഷമായി മുടി മുറിച്ചിട്ടില്ല. നീളൻ മുടിയിൽ എന്തു പരീക്ഷണം വേണമെ ങ്കിലുമാകാം. ഷോർട്ട് മുടിയിൽ ഒരുപാട് പരിമിതിയുണ്ട്. നീളൻ മുടി ഷോർട്ടാക്കാം. മടക്കിവയ്ക്കാം. വേറെയും പരീക്ഷണം നടത്താം. ഏതു കഥാപാത്രത്തിനും നീളം മുടി അനുയോജ്യം. മുടിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നടത്താറില്ല. എല്ലാ മാസവും സ്പായും പ്രോട്ടീൻ ട്രീറ്റ്മെന്റും ചെയ്യും. സ്ട്രെയ്റ്റൻ ചെയ്തതിനാൽ എണ്ണം ഉപയോഗം പരിമിതമാണ്. അടുത്തിടെ മുടിയുടെ അറ്റം മാത്രം മുറിച്ചു. മുടി അഴിച്ചിടുന്നതാണ് രീതി. ആഴ്ചയിൽ ഒരു പ്രാവശ്യം ഷാംപുവും കണ്ടീഷണറും ഉപയോഗിക്കാറുണ്ട്. ഇടയ്ക്ക് ഹെയർമാസ്കും പുരട്ടും. ഏറ്റവും കൂടുതൽ പണം ചെലവിടുന്നത് മുടിയുടെ സംരക്ഷണത്തിനുവേണ്ടിയാണ്. ബ്ളീച്ചില്ലാത്ത കളറിംഗാണ് പരീക്ഷിക്കുക. ഇപ്പോൾ കോപ്പർ റെഡ് ഷെയ്ഡ്. മുടി മുറിക്കുന്നവരുടെ കൈപ്പുണ്യം പോലെയണ് മുടിയുടെ വളർച്ച. അതു തിരിച്ചറിഞ്ഞതിനാൽ എന്റെ മുടി വളരുന്നു.

ഈ മുടി തരുന്ന ആത്മവിശ്വാസം
നയന എൽസ
മുടി നന്നായി പരിപാലിക്കണം. ഒരു പിഴവുപോലും സംഭവിക്കാൻ പാടില്ല. വെള്ളം ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. മുടി കൊഴിയും. വരണ്ടുപോകാം. പൊട്ടിപ്പോകാനുമിടയുണ്ട്. ഭക്ഷണ കാര്യത്തിൽ പോലും ശ്രദ്ധിക്കണം. നന്നായി എണ്ണ പുരട്ടിയാണ് മുടി പരിപാലനം. ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കാറുണ്ട്. ഷൂട്ടിന് പോവുമ്പോൾ ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കുന്നതും സ്ട്രെയിറ്റ്നറും ഹെയർ സ്പ്രേയും ഉപയോഗിക്കുന്നത് കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അവ ഒന്നും മുടിയുടെ വളർച്ചയ്ക്ക് നല്ലതല്ല. എല്ലാം ഉപയോഗിക്കാൻ ആഗ്രഹമുണ്ട്. എണ്ണ പുരട്ടിയുള്ള പരിപാലനത്തിനാണ് മുൻതൂക്കം. മുട്ടയുടെ വെള്ള മുടി വളരാൻ നല്ലതാണ്. എന്റെ മുടി കെമിക്കൽ ഉത്പന്ന പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കാറില്ല. മുടി ഉണങ്ങാൻ പാടാണ്. അതിനു വേണ്ടി മറ്റു മാർഗം ആശ്രയിക്കാതെ തനിയേ ഉണങ്ങുന്നതാണ് നല്ലത്. സാധാരണ ടവ്വൽ കെട്ടിവച്ച് തുവർക്കുമ്പോൾ മുടി കെട്ടുപിടിക്കാനും പൊട്ടിപ്പോകാനും സാദ്ധ്യത കൂടുതലാണ്. ആന്റി ഫ്രിസ് സിറം ഉപയോഗിക്കാറില്ല. ജീവിതരീതികൾ കൊണ്ട് മുടിയുടെ ഉള്ള് കുറഞ്ഞു.  നീണ്ട മുടിയുള്ള സ്ത്രീയെ കുലീനതയുടെ അടയാളമായി മുൻപ് അംഗീകരിച്ചു. ഇപ്പോൾ ഷോർട്ട്, മീഡിയം മുടികളാണ് ട്രെൻഡ് ഈ മുടിയിൽ ഞാൻ കോൺഫിഡന്റാണ്. ചീർപ്പുകൊണ്ട് ചീകുമ്പോൾ മുടി ഉൗരിയാൽ, അല്ലെങ്കിൽ കൊഴിഞ്ഞാൽ പോലും ആത്മവിശ്വാസം കുറയാറുണ്ട്. ഇടതൂർന്ന കറുപ്പ് നിറം മുടി തരുന്നത് വലിയ ആത്മവിശ്വാസം.