dlb

തൃശൂർ: പ്രവാസി പുനരധിവാസത്തിന് നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രൊജക്‌ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതി പ്രകാരമുള്ള സേവനം ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും. പ്രവാസി സംരംഭകർക്ക് 30 ലക്ഷം രൂപവരെയുള്ള വായ്‌പ ധനലക്ഷ്‌മി ബാങ്കിൽ നിന്ന് നേടാം.

പദ്ധതിയിൽ പങ്കാളിയാകുന്ന 17-ാം ധനകാര്യ സ്ഥാപനമാണ് ധനലക്ഷ്മി ബാങ്ക്. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്‌ണൻ നമ്പൂതിരിയും ധനലക്ഷ്‌മി ബാങ്ക് റീജിയണൽ ഹെഡ് അരുൺ സോമനാഥൻ നായരും ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശേരി സംബന്ധിച്ചു.

ആകർഷക സബ്സിഡികൾ

എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയിലൂടെ 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയും പ്രവാസികളുടെ പുതുസംരംഭങ്ങൾക്ക് നോർക്ക നൽകും. സംരംഭകത്വ പരിശീലനവും ലഭിക്കും.

2014 മുതൽ ഇതിനകം പദ്ധതിവഴി സംസ്ഥാനത്ത് ആരംഭിച്ചത് 5,100 സംരംഭങ്ങളാണ്. നടപ്പു സാമ്പത്തികവർഷം 700 പുതിയ സംരംഭങ്ങൾക്ക് തുക അനുവദിച്ചു. പദ്ധതിയുടെ വിശദവിവരങ്ങൾക്ക് : https://www.norkaroots.org/, ഫോൺ : 1800 425 3939. വിദേശത്തു നിന്നുള്ളവർക്ക് മിസ്ഡ് കാൾ സേവനത്തിന് 0091 880 20 12345

 ഫോട്ടോ:

പ്രവാസി പുനരധിവാസ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എമ്മിൽ ധനലക്ഷ്മി ബാങ്ക് പങ്കാളിയാകുന്നത് സംബന്ധിച്ച ധാരണാപത്രം നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്‌ണൻ നമ്പൂതിരിയും ധനലക്ഷ്‌മി ബാങ്ക് റീജിയണൽ ഹെഡ് അരുൺ സോമനാഥൻ നായരും തമ്മിൽ കൈമാറുന്നു.