hafees-kargil
ഹഫീസ് അമീർ കഴിഞ്ഞ യാത്രയിൽ കാശ്മീർ കാർഗിൽ യുദ്ധ സ്മാരക ഗേറ്റിന് മുമ്പിലെത്തിയപ്പോൾ

 കൈയിൽ നയാപൈസ കരുതാതെ യാത്രയ്ക്കൊരുങ്ങി ഹഫീസ്

ആലുവ: സഞ്ചാര പ്രിയനായ ആലുവ യു.സി കോളേജിന് സമീപം ബ്ളായിപ്പറമ്പിൽ വീട്ടിൽ ഹഫീസ് അമീർ എന്ന 32കാരൻ കൈയിൽ നയാപൈസ കരുതാതെ ഫെബ്രുവരി രണ്ടിന് നേപ്പാളിലേക്ക് യാത്രതിരിക്കും. ഈ 'സീറോ ബഡ്ജറ്റ്' യാത്രയുടെ രഹസ്യം ഹഫീസ് തന്നെ പറയും- ചരക്ക് വാഹനങ്ങളിൽ ഉൾപ്പെടെ ലിഫ്റ്റ് ചോദിച്ചുചോദിച്ച് പോകും. ആലുവയിൽ നിന്ന് യാത്ര തുടങ്ങി തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, യു.പി വഴി നേപ്പാളിലെത്തി 30 ദിവസത്തിനുള്ളിൽ മടങ്ങിയെത്തും. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ 'ലിഫ്റ്റടിച്ച്' മൂന്നുദിവസം കറങ്ങാനും ഉദ്ദേശ്യമുണ്ട്. അത്യാവശ്യം വസ്ത്രങ്ങളും മൊബൈൽ ചാർജറും മാത്രമാണ് യാത്രയിൽ കരുതുക. ഷർട്ടും മുണ്ടുമായിരിക്കും വേഷം. താമസച്ചെലവ് ഒഴിവാക്കാൻ യാത്ര പരമാവധി രാത്രിയാക്കും. കിട്ടുന്ന ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കും, വിശ്രമിക്കും. ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയാണ് യാത്രകൾക്ക് പ്രചോദനം. ഇംഗ്ളീഷും ഹിന്ദിയും നന്നായി വഴങ്ങും. നാല് മാസം മുമ്പ് ബൈക്കിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കറങ്ങിയിരുന്നു. അതുപക്ഷേ, സീറോ ബഡ്ജറ്റ് യാത്രയായിരുന്നില്ല. ഇന്ധനച്ചെലവായി 35,000 ഉൾപ്പെടെ 73,000 രൂപ 81 ദിവസത്തെ യാത്രയ്ക്ക് വേണ്ടിവന്നു. 15,500 കിലോമീറ്ററാണ് സഞ്ചരിച്ചത്. ആലുവ മഹിളാലയത്തിന് സമീപം സഹോദരനൊപ്പം അൽ - സാജ് എന്ന ഹോട്ടൽ നടത്തുകയാണ് ഹഫീസ്.

hafees-kargil
ഹഫീസ് അമീർ കഴിഞ്ഞ യാത്രയിൽ കാശ്മീർ കാർഗിൽ യുദ്ധ സ്മാരക ഗേറ്റിന് മുമ്പിലെത്തിയപ്പോൾ

 അടുത്തയാത്ര കുടുംബവുമൊത്ത്

നേപ്പാളിൽനിന്ന് മടങ്ങിയെത്തിയശേഷമുള്ള അടുത്ത യാത്രയിൽ ഭാര്യ ഷെൽമിയ,​ മക്കളായ സൈഹാൻ, സനായ, എദ്ദസാരിയ എന്നിവരെ ഒപ്പംകൂട്ടാനാണ് പ്ളാൻ. എദ്ദസാരിയയ്ക്ക് ഇപ്പോൾ രണ്ട് വയസാണ്. യാത്ര എവിടേക്കാണെന്ന് തീരുമാനിച്ചിട്ടില്ല.