valparai

കോയമ്പത്തൂർ: ആറിനും എട്ടിനും ഇടയിൽ പ്രായമുള്ള കൊമ്പനാനയുടെ ജീർണിച്ച നിലയിലുള്ള ജഡം സ്കൂളിലെ ഉച്ചഭക്ഷണശാലയിൽ നിന്ന് കണ്ടെത്തി. ആനമലൈയ് ടൈഗർ റിസർവിനടുത്തുള്ള വാൽപ്പാറയിലെ ഹൈ ഫോറസ്റ്റ് എസ്റ്റേറ്റിൽ സർക്കാർ സ്കൂളിനോട് ചേർന്ന് നിർമിച്ചിരിക്കുന്ന കഴിഞ്ഞ നാല് വർഷങ്ങളായി ഉപയോഗിക്കാത്ത നിലയിലുള്ള ഉച്ചഭക്ഷണശാലയിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് ആന ചരിഞ്ഞതെന്നാണ് വനപാലകരുടെ നിഗമനം.

മൂന്ന് വർഷം മുൻപ് സ്കൂൾ മറ്റൊരിടത്തേയ്ക്ക് മാറ്റിയതിനാൽ ഉച്ചഭക്ഷണശാല ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ബൂത്തിലെ സൗകര്യങ്ങൾ പരിശോധിക്കാൻ ഇവിടെ എത്തിയപ്പോഴാണ് ആനയുടെ ജഡം കണ്ടെത്തുന്നത്. പൂട്ടിക്കിടന്നഭക്ഷണശാലയുടെ അടുക്കളയിലായിരുന്നു ജീർണിച്ച മൃതശരീരം കിടന്നിരുന്നത്. ഉദ്യോഗസ്ഥർ ഉടൻ തന്നെ വനപാലകരെ വിവരമറിയിക്കുകയും റേഞ്ച് ഓഫീസർ എ മണിക്കണ്ഠനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.

കൂട്ടത്തിൽ നിന്ന് പിരിഞ്ഞ ആന ഭക്ഷണവും വെള്ളവും തേടിയെത്തിയതാകാമെന്നും കെട്ടിടത്തിനുള്ളിൽ അകപ്പെട്ടുപോയതാകാമെന്നും മൃഗഡോക്ടറായ കെ സുകുമാർ പറഞ്ഞു. പുറത്തേയ്ക്ക് കടക്കാൻ കഴിയാതെ വന്ന ആനയുടെ ആക്രമണത്തിൽ കെട്ടിടം തകർന്നതാകാമെന്നും അതിനുള്ളിൽപ്പെട്ടാകാം ആന ചരിഞ്ഞതെന്നും സുകുമാർ പറഞ്ഞു. ഇഷ്ടികയും കരിങ്കല്ലും ഉൾപ്പടെ ശരീരത്തിൽ പതിച്ച നിലയിലായിരുന്നു ജഡം കിടന്നിരുന്നത്. ഇവിടെ വച്ചുതന്നെ പോസ്റ്റുമോർട്ടവും പൂർത്തിയാക്കി. ഡി എൻ എ പരിശോധനയ്ക്കായി ആനയുടെ വാലിൽ നിന്ന് മുടിനാര് ശേഖരിച്ചതായി വനപാലകർ അറിയിച്ചു.