rubber

കൊച്ചി: റബർ ഇറക്കുമതിക്ക് ഈടാക്കുന്ന 25 ശതമാനം തീരുവ 2022-23 സാമ്പത്തിക വർഷത്തിലും നിലനിറുത്തണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തോട് റബർ ബോർഡ് ശുപാർശ ചെയ്‌തു. ആഭ്യന്തര റബർ വിലത്തകർച്ച നേരിടുന്ന പശ്ചാത്തലത്തിൽ ഇറക്കുമതി വർദ്ധിക്കുന്നത് കൂടുതൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണിത്.

വിലയിടിവുമൂലം ആഭ്യന്തര കർഷകർ വൻ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഇറക്കുമതി വർദ്ധിച്ചാൽ ആഭ്യന്തര വില കൂടുതൽ ഇടിയുമെന്ന് റബർ ബോർഡ് ചൂണ്ടിക്കാട്ടുന്നു. കൊവിഡും ലോക്ക്ഡൗണും മൂലം 2020ൽ ആഭ്യന്തര ഉത്പാദനം ഇടിഞ്ഞിരുന്നു. 2021ൽ ഉദ്പാദനം മെച്ചപ്പെട്ടെങ്കിലും വിലത്തകർച്ചയുണ്ടായി. നിലവിൽ ഒമിക്രോൺ, ചിപ്പ് ക്ഷാമം എന്നിവമൂലം ടയർ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. എന്നാൽ, സ്ഥിതി മാറിയാൽ കൂടുതൽ ഡിമാൻഡ് ലഭിക്കും. ഈ സാഹചര്യത്തിൽ ഇറക്കുമതി നിയന്ത്രിച്ച്, ആഭ്യന്തര റബറിന് കൂടുതൽ പ്രോത്സാഹനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ഇറക്കുമതി തീരുവ നിലനിറുത്താൻ റബർ ബോർഡ് ആവശ്യപ്പെട്ടത്.

ഉപഭോഗം മേലോട്ട്

പ്രകൃതിദത്ത റബർ ഉപഭോഗം കഴിഞ്ഞവർഷം നാലുലക്ഷം ടണ്ണോളം ഉയർന്ന് 10.96 ലക്ഷം ടണ്ണിലെത്തിയെന്നാണ് വിലയിരുത്തൽ. എന്നാൽ, ആഭ്യന്തര ഉത്‌പാദനം 7.16 ലക്ഷം ടൺ മാത്രമാണ്. ബാക്കിക്ക് ഇറക്കുമതിയാണ് ആശ്രയം. 4.10 ലക്ഷം ടണ്ണായിരുന്നു കഴിഞ്ഞവർഷം ഇറക്കുമതി.