
റോ മോഷൻ പിക് ചേഴ്സ്. നടി വീണ നായരുടെ ചലച്ചിത്ര നിർമ്മാണ കമ്പനിയുടെ പേരാണിത്.പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് വീണ നായർ.അഞ്ചു പെണ്ണുങ്ങളുടെ കഥ പറയുന്ന ക്രൈം ത്രില്ലറാണ് റോ മോഷൻ പിക്ചേഴ്സിന്റെ ആദ്യ സിനിമ. കേന്ദ്രകഥാപാത്രങ്ങളിലൊന്ന് മഞ്ജു പിള്ള അവതരിപ്പിക്കും. തമിഴിലെ പ്രശസ്തയായ നടിയാണ് അഞ്ചുപെണ്ണുങ്ങളിൽ ഒരാൾ.മറ്റു മൂന്നുപേർ മലയാളത്തിലെ പ്രശസ്ത താരങ്ങൾ. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പുറത്തുവിടും. സംവിധായകൻ ആരാണെന്നും െെവകാതെ  പ്രഖ്യാപിക്കും.മാർച്ച് അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നതിന്റെ ആഹ്ളാദത്തിൽ വീണ നായർ സംസാരിച്ചു തുടങ്ങി.
എന്റെ സ്വപ്നം
ഏറ്റവും വലിയ സ്വപ്നമാണ് സിനിമ നിർമ്മിക്കുക എന്നത്.ഇപ്പോഴാണ് സമയവും സന്ദർഭവവും ഒത്തുവന്നത് . നല്ല സിനിമയുടെ ഭാഗമാവുക എന്ന ആഗ്രഹവുമുണ്ട് .സിനിമ നിർമ്മിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് അറിയാം. മുന്നൊരുക്കമായി മേഴ്സി എന്ന ഹ്രസ്വചിത്രം ചെയ്തു.പണം ചെലവാകുന്ന വഴിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാൻ വേണ്ടിയായിരുന്നു അത്. സിനിമ പോലെ ഹ്രസ്വചിത്രം ചിത്രീകരിച്ചു. സിനിമയിൽ നിന്നായിരുന്നു സാങ്കേതിക വിദഗ്ദ്ധർ . സിങ്ക് സൗണ്ടിലാണ് മേഴ്സി . ലോക് ഡൗൺ സമയത്ത് എന്ത് ചെയ്യണമെന്ന ആലോചനയിലാണ് സുഹൃത്തും സിനിമാട്ടോഗ്രഫറുമായ അശ്വിനും ഞാനും ചേർന്ന് റോ മോഷൻ പിക് ചേഴ്സ് ആരംഭിക്കാൻ തീരുമാനിക്കുന്നത് . എന്നാൽ എന്റെ നിർമ്മാണ മേൽനോട്ടത്തിലാണ് സിനിമ. സുഹൃത്തും ദുബായ് മോറിസ് പ്രൊഡക്ഷൻസ് എം.ഡി റീന സേത്തു ഒപ്പമുണ്ട് .അശ്വിനാണ് മേഴ്സിയുടെ സംവിധായകനും ഛായാഗ്രാഹകനും. മേഴ്സിയിൽ ഞാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സമൂഹമാദ്ധ്യമരംഗത്ത് പരിചിതമായ രണ്ടു പേർ മേഴ്സിയുടെ താരനിരയിലുണ്ട്. കോട്ടയം പ്രദീപ് ആണ് മറ്റൊരു താരം. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറങ്ങും. പച്ചയായ കഥ.അതിൽ നിന്നാണ് റോ എന്ന പേര് ഉണ്ടാകുന്നത്.പുതുതലമുറയിലെ നല്ല ഒരു ടീം ഒപ്പമുണ്ട്.നവാഗതനായ ജ്യോതിഷ് മനു ആണ് തിരക്കഥ ഒരുക്കുന്നത്. ശക്തമായ കഥ. ഛായാഗ്രഹണം അശ്വിൻ. ക്രൈം ത്രില്ലറും സീരിയൽ കില്ലറും എന്റെ പ്രിയ ജോണറുകൾ.ആദ്യ സിനിമ ക്രൈം ത്രില്ലറാവട്ടെ.
 അച്ഛന്റെ ആഗ്രഹം
എന്റെ കുട്ടിക്കാലത്ത് അച്ഛൻ ടെലിഫിലിം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സിനിമ നിർമ്മിക്കണമെന്ന ആഗ്രഹം അച്ഛൻ പറയുമായിരുന്നു. അങ്ങനെ ആഗ്രഹം എന്റെ മനസിൽ കയറി. അതു യാഥാർത്ഥ്യമായപ്പോൾ കാണാൻ അച്ഛനും അമ്മയുമില്ല. എന്നാൽ രണ്ടുപേരും കട്ടയ്ക്ക് കൂടെയുണ്ട്.എന്റെ ആഗ്രഹത്തിനൊപ്പം നിന്ന സുഹൃത്തുക്കൾക്ക് നന്ദി. വർഷത്തിൽ ഒന്നോ രണ്ടോ സിനിമ നിർമ്മിക്കാനാണ് ആലോചന. രണ്ടാമത്തെ സിനിമ ബിഗ് ബഡ്ജറ്റായിരിക്കും. ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ ആരംഭിക്കും. സിനിമ തന്നെയാണ് പാഷൻ. അഭിനയം ,നിർമ്മാണം എന്നീ മേഖലകളിൽ മാത്രമാണ് താത്പര്യം.ദൈവാനുഗ്രഹവും ഭാഗ്യവും ചേരുന്നതാണ് സിനിമ. എന്നെപോലെ ഒരു സാധാരണക്കാരിക്ക് നിർമ്മാണം വലിയ ഭാഗ്യപരീക്ഷണമാണ്.
മകന്റെ  അഭിനയം
സിനിമയുടെ ഭാഗമായി എറണാകുളത്താണ് താമസം. മകൻ ധൻവിൻ.അമ്പാടി എന്നാണ് വീട്ടിൽ വിളിക്കുന്ന പേര്. ഞാൻ അമ്പൂച്ചൻ എന്ന് വിളിക്കും. ഒന്നരവർഷം മുൻപ് കാഫർ സിനിമയിൽ എന്റെ മകനായി അഭിനയിച്ചു. മേഴ്സിയിൽ ഒരു ഷോട്ടിൽ അഭിനയിച്ചു. അഭിനയിക്കാൻ താത്പര്യമുണ്ട്. മോനെ ഒരു നടനായി കാണാനാണ് ആഗ്രഹം. ടിക്ടോക്കും റീൽസും ചെയ്യാറുണ്ട്. വീട്ടിൽ എല്ലാവരും കലാരംഗത്താണല്ലോ. തേര് സിനിമയിൽ ബാബുരാജിന്റെ ഭാര്യ വേഷം. 12ൽ ഷൈൻ ടോം ചാക്കോയുടെയും വിനായകന്റെയും സഹോദരി. നല്ല പ്രതീക്ഷ നൽകുന്ന കഥാപാത്രം. ഇ.എം.ഐയിൽ നെഗറ്റീവ് കഥാപാത്രം. വെള്ളരിക്കാപ്പട്ടണത്തിൽ മഞ്ജുച്ചേച്ചി, സൗബിൻ ഷാഹിർ എന്നിവരോടൊപ്പം ഒരു അടിപൊളി വേഷം. വെള്ളിമൂങ്ങ പോലെ ബ്രേക്ക് തരുമെന്നാണ് പ്രതീക്ഷ.