
കുറുപ്പ് കഴിഞ്ഞു. ഭീഷ്മ പർവ്വവും പടയും പടവെട്ടും വെയിലും കുടുക്കും വരുന്നു. പിന്നാലെ റോയ്, അടി, അടിത്തട്ട്,പന്ത്രണ്ട്, ജിന്ന്.അഭിനയജീവിതത്തിലെ ഏറ്റവും മികച്ച യാത്രയിലാണ് ഷൈൻ ടോം ചാക്കോ. അഭിനയ ശൈലിയിലെ പ്രത്യേകതയാണ് ഷൈൻ ടോം ചാക്കോ എന്ന നടന്റെ കരുത്ത്. ' ഫ്രഷ് ശവം കിട്ടിയാൽ പുളിക്കുമോ" എന്നു കുറുപ്പിനോട് ചോദിക്കുന്ന ഭാസി പിള്ള ഇപ്പോഴും പ്രേക്ഷകർക്കു മുന്നിൽ ബീഡി ആഞ്ഞുവലിച്ച് നിൽപ്പുണ്ട്. മുഖത്ത് പഴുതാര മീശ കയറിയപ്പോൾ തന്നെ ഷൈൻ മറ്റൊരാളായി മാറി എന്നു ഉറപ്പ്.ഗദ്ദാമ എന്ന കമൽ ചിത്രത്തിൽനിന്നാരംഭിച്ച അഭിനയയാത്ര പത്തുവർഷം പിന്നിടുന്നു. ഇളയദളപതി വിജയ് യുടെ ബീസ്റ്റ് ഷൈൻ ടോം ചാക്കോയുടെ ആദ്യ തമിഴ് ചിത്രമാകുന്നു. യാത്രകൾക്ക് കൂട്ടേകാൻ കിയയുടെ ആഡംബര എംപിവിയായ കാർണിവൽ പ്രീമിയം  സ്വന്തമാക്കിയത് മാസങ്ങൾക്ക് മുൻപാണ്. പുതിയ വാഹനത്തിന്റെയും അഭിനയയാത്രയുടെയും വിശേഷങ്ങൾ ഷൈൻ പങ്കുവയ്ക്കുന്നു.
കറുപ്പ് നിറം കാർണിവൽ
ഒന്നാം പിറന്നാളിന് അപ്പാപ്പൻ വാങ്ങി തന്ന സൈക്കിളാണ് ആദ്യം സ്വന്തമാക്കിയ വാഹനം. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ ഡാഡി സൈക്കിൾ വാങ്ങി തന്നു. വളർന്നപ്പോൾ ഡ്രൈവിംഗ് പഠിക്കണമെന്ന ആഗ്രഹം തോന്നിയില്ല. ആസമയത്ത് എന്റെ പ്രായമുള്ളവരെല്ലാം ഡ്രൈവിംഗ് പഠിക്കുന്നുണ്ട്. സിനിമയിൽ വന്നു കുറെ വർഷം കഴിഞ്ഞ് സിദ്ദു (സിദ്ധാർത്ഥ് ഭരതൻ)വുമായുള്ള പ്രോജക്ട് വന്നു. ഡ്രൈവറുടെ കഥാപാത്രമെന്ന് സിദ്ദു. അങ്ങനെയാണ് ഡ്രൈവിംഗ് പഠിക്കുന്നത്. ഒൻപതുവർഷംമുൻപ് മാരുതി വാഗണആർ കാറാണ് ആദ്യം സ്വന്തമാക്കിയ വാഹനം. അതിനുശേഷം ഇപ്പോഴാണ് പുതിയ വാഹനം വാങ്ങുന്നത് . യാത്രകൾക്ക് അധികവും ഉപയോഗിക്കുന്നത് വാഗണആറാണ്. ചെറിയ വഴിയിലൂടെ പോകാം. പാർക്ക് ചെയ്യാൻ അധികം സ്ഥലം വേണ്ട. സുരക്ഷിതമായി യാത്രചെയ്യാൻ വലിയ വാഹനം വേണമെന്ന് അടുത്തിടെ തോന്നി. ഡാഡിയും അമ്മയും അനിയനും പെങ്ങളും മക്കളും എല്ലാവർക്കും ഒരു സ്ഥലത്തേക്ക് ഒന്നിച്ചുപോകാൻ പറ്റുന്ന വാഹനം എന്ന നിലയിലാണ് കിയ കാർണിവൽ വാങ്ങുന്നത്. ഡീസൽ വാഹനം. വാഹനഭ്രമം തീരെയില്ല. 
മുണ്ടൂർ പള്ളിയിൽ വെഞ്ചരിപ്പിനാണ് ആദ്യ യാത്ര. പൊന്നാനിയിൽ താമസിക്കുമ്പോൾ അവിടത്തെ ഇടവകയിൽ ഉണ്ടായിരുന്ന ഡേവിസ് അച്ചനാണ് ഇപ്പോൾ മുണ്ടൂർ പള്ളിയിൽ വികാരി. പുതിയ വാഹനം വെഞ്ചരിപ്പ് നടത്തിയതും ഡേവിസ് അച്ചൻത്തന്നെ. വാഹനം വാങ്ങിയതിന്റെ പിറ്റേദിവസം ദുബായിൽ നിന്ന് പെങ്ങളും മക്കളും വന്നു. അവരെ കൂട്ടിക്കൊണ്ടുവരാൻ എയർപോർട്ടിലേക്ക് പോയതാണ് രണ്ടാമത്തെ യാത്ര. മൂന്നാമത്തെ യാത്ര എറണാകുളത്ത് അടിത്തട്ട് സിനിമയുടെ ഡബ്ബിംഗിന്. വാഹനം ഓടിക്കാൻ അത്ര താത്പര്യമില്ല. പുതിയ വാഹനം ഓടിക്കുന്നത് ഞാൻത്തെന്നെയാണ്. കറുപ്പ് നിറത്തിന് നല്ല കാഴ്ചഭംഗിയുണ്ട്. ആവശ്യം വരുമ്പോഴാണ് ഓരോന്നും വാങ്ങണമെന്ന തോന്നൽ അനുഭവപ്പെടുന്നത്. അത് വാങ്ങാനുള്ള വരുമാനം വന്നുചേരുകയും വേണം. എല്ലാം വാങ്ങി കൂട്ടാൻ വേണ്ടിയല്ല മുൻപോട്ടു പോവുന്നത്. ആവശ്യം തിരിച്ചറിഞ്ഞു വാങ്ങുന്നു. ജീവിതത്തിൽ ഇഷ്ടമുള്ള കാര്യം ചെയ്തു മുന്നോട്ട് പോവാനാണ് ആഗ്രഹം. എന്നാൽ ഏറെ ഇഷ്ടപ്പെട്ടതോ, മനസിൽ ആഗ്രഹിക്കുന്നതുമായ ഒന്നുമില്ല. സിനിമയുടെ ഭാഗമായ യാത്രയുണ്ട്.

ഉൾക്കടലിൽ അടിത്തട്ട്
ലോക്ഡൗൺ സമയത്താണ്  'അടിത്തട്ട് "സിനിമയിൽ അഭിനയിക്കുന്നത്. 20 ദിവസം കടലിൽ ചിത്രീകരണം. പൂർണമായി നടുക്കടലിൽ ചിത്രീകരിച്ച സിനിമ. വലിയ ഒരു അനുഭവം തന്നു അടിത്തട്ട്. നീണ്ടകരയിലായിരുന്നു ചിത്രീകരണം. ആദ്യത്തെ കുറച്ചു ദിവസം ബുദ്ധിമുട്ട് തോന്നി. കടലിന്റെ ഭീകരത മുന്നിൽ കാണുമ്പോൾ ഭയം തോന്നും. കരയിൽ നിന്നു കാണുന്നതല്ല കടൽ. നടുക്കടലിൽ ഓളം പോലും ഭയപ്പെടുത്തും. ഉള്ള് കാറും. അതിലൂടെയാണ് ബോട്ടുകൾ ചരിഞ്ഞുപോവുന്നത്. രണ്ടുദിവസം കഴിഞ്ഞു ഭയം മാറി പൊരുത്തപ്പെട്ടു. കരയിൽ നിന്ന് ബോട്ടിൽ ചിത്രീകരണത്തിന് കടലിലേക്ക്. പിന്നെ കടലിൽത്തന്നെ. ബോട്ടിൽ  കടലിൽ പോയി മീൻ പിടിച്ചു ജീവിക്കുന്നവരുടെ രണ്ടുദിവസത്തെ കഥയാണ് അടിത്തട്ട്. സണ്ണി വയ്ൻ, പ്രശാന്ത്, ജയപാലൻ, മുരുകൻ ഉൾപ്പെടെ ഞങ്ങൾ ഏഴുപേർ. പൊന്നാനിയിൽ താമസിച്ചപ്പോൾ പള്ളിപ്പെരുന്നാളിന് അമ്പു പ്രദക്ഷണത്തിന് അഴിമുഖം കടന്നു പോകുമ്പോൾ കടൽ കണ്ടിട്ടുണ്ട്.എന്നാൽ ഇരുപത്തിരണ്ടു കിലോമീറ്റർ കടലിനുള്ളിലേക്ക് പോവുന്നത് ആദ്യമാണ്.ഏറെ പ്രതീക്ഷ നൽകുന്ന സിനിമ യാണ് അടിത്തട്ട്. മികച്ച കഥാപാത്രവുമെന്നാണ് കരുതുന്നത്.
ബീസ്റ്റ് വഴി തമിഴ്
ഒ.ടി.ടി പ്ളാറ് ഫോം വിപുലമായ സാദ്ധ്യതയാണ് ഒരുക്കുന്നത്. നല്ല സിനിമയെങ്കിൽ ചെറിയ താരങ്ങളുടെ ചിത്രങ്ങൾ വരെ ഒ.ടി.ടി പ്ളാറ്റ്ഫോമിൽ ലോകം മുഴുവൻ എത്തുന്നു. മലയാളത്തിലെ കൂടുതൽ താരങ്ങളെ ഇതിലൂടെ കാണാൻ കഴിയുന്നു . ഒരുപക്ഷേ അങ്ങനെ കണ്ടാകും സൺ പിക്ചേഴ്സ് വിളിക്കുന്നത്. വിജയ്യുടെ ബീസ്റ്റിലൂടെ തമിഴിൽ ആദ്യമായി അഭിനയിക്കുന്നു. കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്താൻ അനുവാദമില്ല. വലിയ പ്രതീക്ഷ നൽകുന്നു ബീസ്റ്റ്. തമിഴ് സംസാരിക്കാൻ അറിയില്ല. സിനിമായാത്ര പത്തുവർഷം പിന്നിടുന്നു. കൃത്യമായി കാര്യം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക. ശരീരം സംരക്ഷിക്കുക എന്ന ഉപദേശമാണ് വീട്ടുകാർ തരുന്നത്. എപ്പോഴും ഞാൻ കൂടെയുണ്ടാവണമെന്നാണ് അവരുടെ ആഗ്രഹം. ജോലി കൃത്യമായി ചെയ്യാൻ ആത്മാർത്ഥമായ ശ്രമം നടക്കുന്നു.ഈ യാത്ര മനോഹരം.