delhi-police-arrest-odish

ഭുവനേശ്വർ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡി നിർമ്മിച്ച ഒഡിഷ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. 2016ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഭുവനേശ്വറിൽ പ്രാദേശിക ദിനപത്രം നടത്തുന്ന മനോജ് കുമാറിനെ ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.പത്രത്തിന് പരസ്യം ലഭിക്കാൻ വേണ്ടിയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പത്രത്തിന് പരസ്യം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് യോഗിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇ-മെയിലിൽ നിന്ന് പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ഒ.എൻ.ജി.സി, ഗെയിൽ എന്നിങ്ങനെ ഒട്ടേറെ പൊതുമേഖല കമ്പനികൾക്ക് ഇയാൾ സന്ദേശം അയച്ചു. യോഗിയുടെ വ്യാജ ഒപ്പും മെയിലിൽ ഉപയോഗിച്ചിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യോഗിയുടെ അന്നത്തെ പേഴ്സണൽ സെക്രട്ടറിയായിരുന്ന രാജ്ഭൂഷൺ സിംഗ് ഡൽഹി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐ.പി അഡ്രസ് പിന്തുടർന്നാണ് പൊലീസ് പ്രതിയെ ഒഡീഷയിൽ നിന്ന് പിടികൂടിയത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിക്കെതിരെ നേരത്തെ കേസ് നിലവിലുണ്ട്.