
കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. മറ്റക്കര അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ് (58) മരിച്ചത്. ഇയാളുടെ ഭാര്യ
പുഷ്പമ്മയെ (55) നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. എൽ.ഐ.സി ഏജന്റായ സുരേന്ദ്രനും ഭാര്യ പുഷ്പമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രണ്ടുമക്കൾ ജോലിസ്ഥലത്താണ്. സുരേന്ദ്രൻ മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. സംഭവദിവസം വഴക്കിനിടെ സുരേന്ദ്രൻ പുഷ്പമ്മയെ കത്തികൊണ്ട് കുത്തുകയായിരുന്നു. അയൽക്കാർ അറിയിച്ചതനുസരിച്ച് പള്ളിക്കത്തോട് പൊലീസ് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ സുരേന്ദ്രനെ കണ്ടത്. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: വിഷ്ണു, ഗോകുൽ.