
ലണ്ടൻ: യുക്രെയിൻ - റഷ്യ സംഘർഷം അയവില്ലാതെ തുടരുമ്പോൾ നിർണായക നീക്കവുമായി ബ്രിട്ടൻ. യു.എസിന് പിന്നാലെ, നാറ്റോസഖ്യത്തിനുള്ള സൈനിക പിന്തുണ വർദ്ധിപ്പിക്കുമെന്ന് ബ്രിട്ടനും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നാറ്റോയുടെ സൈനിക നീക്കങ്ങൾക്ക് കരുത്തുപകരാനായി ഫൈറ്റർ ജെറ്റുകളും യുദ്ധകപ്പലുകളും നല്കും. നാറ്റോയ്ക്ക് നല്കി വരുന്ന സൈനിക സഹായം വർദ്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എസ്‌റ്റോണിയ കേന്ദ്രീകരിച്ചിരിക്കുന്ന നാറ്റോ സഖ്യത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്റേതായി മേഖലയിലുള്ള സൈനികരുടേയും ആയുധങ്ങളും ഇരട്ടിയാക്കുമെന്നാണ് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യൂറോപ്പിലെ ബ്രിട്ടന്റെ സേനാ വിഭാഗമുള്ള എല്ലാ രാജ്യങ്ങളിലേക്കും കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജോൺസൻ അറിയിച്ചു.
ബ്രിട്ടന്റെ സംയുക്ത സൈനിക മേധാവി അഡ്മിറൽ സർ ടോണി റാഡ്കിന്നിനാണ് സൈനിക നീക്കങ്ങളുടെ ചുമതല. അതേ സമയം യുക്രയിൻ മേഖലയിൽ അധിനിവേശത്തിന് റഷ്യ ശ്രമിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള റഷ്യയുടെ പദ്ധതി അനുവദിക്കില്ലെന്നും നാറ്റോ സഖ്യകക്ഷികൾക്കൊപ്പം നിന്ന് റഷ്യയുടെ ഏതു നീക്കത്തേയും ചെറുക്കുമെന്നും ബോറിസ് ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ബോറിസ് അടുത്ത ആഴ്ച യുക്രെയിൻ മേഖല സന്ദർശിക്കുകയും റഷ്യൻ പ്രസിഡന്റ് പുടിനുമായി ടെലഫോൺ സംഭാഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ യു.കെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് , ഹംഗറി, സ്ലോവേനിയ,കൊയേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഈ ആഴ്ച സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. അതേ സമയം യുക്രെയിനെ ഔദ്യോഗികമായി നാറ്റോ അംഗരാജ്യമാക്കാൻ പാടില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യ. ഇത് മേഖലയിൽ റഷ്യക്ക് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും അതിനാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ് റഷ്യൻ നിലപാട്.