
ശ്രീനഗർ: ജമ്മു കാശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിലായി ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡറായ സാഹിദ് വാനി ഉൾപ്പെടെ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. ബുദ്ഗാമിലും പുൽവാമയിലുമായാണ് ഏറ്റുമുട്ടൽ നടന്നത്. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ അർദ്ധരാത്രി വരെ നീണ്ടു. വധിക്കപ്പെട്ടവരിൽ ലഷ്‌കറെ തൊയ്ബ ഭീകരരും ഉണ്ട്.
2019ൽ ലെത്പുരയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് വാനി. ലെത്പുര ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായിരുന്നു.
പാക് ഭീകരനായ വാഹിദ് അഹ്‌മദ് റിഷി, പ്രാദേശിക ഭീകരരായ കഫീൽ, ഇനായത്തുള്ള മെർ എന്നിവരെയും വധിച്ചു. മറ്റൊരു ഭീകരന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ശനിയാഴ്ച ലഭിച്ച നിർണായക വിവരങ്ങൾ കാരണമാണ് വാനിയടക്കം മൂന്ന് ഭീകരരെ പുൽവാമയിൽ വധിച്ചത്. ബുദ്ഗാമിലെ ഏറ്റുമുട്ടലിൽ മറ്റൊരു പ്രാദേശിക ഭീകരനേയും വധിച്ചു. ഇയാൾ ലഷ്കറെ തൊയ്ബ, റെസിസ്റ്റൻസ് ഫ്രണ്ട് എന്നീ ഭീകരസംഘടനകളിൽ പ്രവർത്തിച്ചിരുന്നു - കാശ്മീർ ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു. ഭീകരരിൽ നിന്ന് എ.കെ 47 തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു.
വെള്ളിയാഴ്ച മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ നടത്തിയതും ഏറ്റമുട്ടലുണ്ടായതും. കഴിഞ്ഞ ദിവസം അനന്ത്നാഗിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു. ആ മേഖലയിലും തെരച്ചിൽ ശക്തമാക്കിയിരുന്നു