
സമയം രാവിലെ ഏഴുമണി. കാക്കനാട് നവോദയ സ്റ്റുഡിയോ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ലൊക്കേഷൻ. അപ്പോൾ ഏതോ സിനിമയിലെ മോഹൻലാൽ കഥാപാത്രം കയറി വരുന്നതുപോലെ ആ നവാഗത സംവിധായകൻ മുന്നിൽ. സമയം 7.30. ഏഴിനും 7.30നും ഇടയിൽ ലൊക്കേഷനിൽ മോഹൻലാൽ എത്തും .ഇതാണ് മോഹൻലാൽ എന്ന സംവിധായകന്റെ സമയം.കൃത്യം 8.30ന് ചിത്രീകരണം ആരംഭിക്കും. 'ആക്ഷൻ". മോഹൻലാൽ ശബ്ദം ലൊക്കേഷനിൽ മുഴങ്ങി. സംവിധായകൻ മോഹൻലാൽ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി കാമറയ്ക്ക് മുൻപിൽ.മോണിറ്ററിൽ തന്റെ അഭിനയം നോക്കി കാണുന്ന മോഹൻലാൽ.
'നമ്മുക്ക് ഒരു ടേക്ക് കൂടി പോകാം." മോഹൻലാൽ പറഞ്ഞു. അടുത്ത ടേക്ക് കഴിഞ്ഞപ്പോൾ നടൻ മോഹൻലാലിന്റെയും സംവിധായകൻ മോഹൻലാലിന്റെയും മുഖത്ത് സംതൃപ്തി.അതു സഹപ്രവർത്തകരിലേക്കും പടരുന്നു. അടുത്ത സീൻ ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ.വിദേശതാരങ്ങളാണ് അഭിനേതാക്കളിൽ അധികവും.അവർക്ക് മുന്നിൽ അഭിനയിച്ചു കാണിക്കുന്ന മോഹൻലാൽ.തുടർന്ന് സഹസംവിധായകർക്ക് നിർദേശം നൽകി. ' ഒന്ന് സ്പീഡാക്കി പിടിക്കാം ." മോഹൻലാൽ എന്ന സംവിധായകൻ അടുത്ത സീനിലേക്ക് പ്രവേശിച്ചു. ഒരുമാസം പിന്നിടുകയാണ് ചിത്രീകരണത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ.അത്ഭുതപ്പെടുത്തുന്ന ഫ്രെയുമുകൾ തീർക്കാൻ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ അടുത്തുണ്ട്.
മോഹൻലാൽ എന്ന സംവിധായകനിൽനിന്നും പഠിക്കാൻ പലതുമുണ്ടെന്ന തോന്നലാണ് ഒപ്പമുള്ളവർക്ക് . 'ലാൽ സാർ മുൻപ് സംവിധാനം ചെയ്തിട്ടുണ്ടോ" എന്ന അടക്കം പറച്ചിൽ വരെ വീഴാം. ബറോസ് എന്ന ഭൂതമായി കാമറയുടെ മുൻപിലും സംവിധായകനായി കാമറയുടെ പിന്നിലും മോഹൻലാൽ. ആ മാറ്റം വല്ലാത്ത പരകായപ്രവേശം തന്നെ. അതിവൈകാരിയത നിറഞ്ഞ ഡയലോഗുകൾ പറയുകയാണ് മോഹൻലാൽ. അടുത്ത നിമിഷം കട്ട് പറഞ്ഞു- 'മോനേ, ഒരു കുപ്പി വെള്ളം തരുമോ കുടിക്കാൻ"എന്നു ചോദിച്ചു മോഹൻലാൽ അതാ, നടന്നുപോകുന്നു. സംവിധായകന്റെ കസേരയിൽനിന്ന്ഒാടി വന്നു അഭിനയിച്ചു വീണ്ടും സംവിധായകന്റെ കസേരയിലേക്ക് . ബഡ്ജറ്റിൽ മാത്രമല്ല, സീനിലും ഷോട്ടിലും മോഹൻലാൽ എന്ന സംവിധായകൻ വിട്ടുവീഴ്ചയ്ക്ക് തയാറല്ല.
പുതുമുഖ
സംവിധായകനല്ല
അസാദ്ധ്യ സംവിധായകനാണ് താനെന്ന് തെളിക്കും വിധമാണ് ലൊക്കേഷനിൽ മോഹൻലാൽ. ഒരിക്കലും പുതുമുഖ സംവിധായകനല്ല,വളരെ മുൻപേ സംവിധായക കുപ്പായം അണിയേണ്ടതെന്നു തോന്നിപ്പിക്കും. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വിജയാ" എന്ന ഭാവത്തിൽ മോണിറ്ററിനു മുൻപിൽ മോഹൻലാൽ . ചെറിയ കാര്യം പോലും പ്രത്യേകം ശ്രദ്ധിക്കും. റീ ടേക്കുകൾ രണ്ടോ നാലോ വരെ പോയാലും വിഷയമല്ല . അഭിനയം പോലെ തന്നെ സംവിധാനവും മികവോടെ ചെയ്യുന്നു. ബറോസ് കാണുമ്പോൾ മോഹൻലാലിന്റെ സംവിധാന മാജിക് പ്രേക്ഷകർ തിരിച്ചറിയും. അപ്പോൾ സംവിധായ കനും ബറോസിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന അരികിലേക്ക് വന്നു.
''ലാൽസാറിനെ ആൾക്കൂട്ടത്തിലെങ്കിലും ഒന്നു കാണാൻ ആഗ്രഹിച്ചുനടന്ന ആരാധകനാണ് ഞാൻ. കിളിച്ചുണ്ടൻ മാമ്പഴം സിനിമയുടെ ലൊക്കേഷനിൽ മാഗസിനുവേണ്ടി ചിത്രങ്ങൾ പകർത്താൻ പോയപ്പോഴാണ് നേരിട്ടു കാണുന്നത്. പിന്നീട് എത്രയോ സിനിമകളുടെ ലൊക്കേഷനിൽ കണ്ടു.പിന്നീട് ലാൽസാറുമായി പരസ്യ ചിത്രങ്ങൾ ചെയ്തു. മൂന്നുമാസം മുൻപ് ലാൽസാറിന്റെ എലോൺ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രഫറാകാനും കഴിഞ്ഞു. ലാൽ സാർ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രഫറാകാനും നിയോഗം .ലാൽസാർ കഥാപാത്രമായി നടത്തിയ അഭിനയതലങ്ങളാണ് ഇതുവരെ കണ്ടത്. ഇപ്പോൾ കാണുന്നത് നവാഗതനല്ലെന്ന് തോന്നിപ്പിക്കുന്ന സംവിധായകന്റെ മികവ് ."" അനീഷ് ഉപാസന പറഞ്ഞു.
കുട്ടികളെ പോലെ
ഒാടി നടക്കുന്നു
കലാസംവിധായകൻ സന്തോഷ് രാമന് നിർദേശം നൽകുന്ന മോഹൻലാൽ .'ഹെയറിന്റെ കണ്ടിന്യുറ്റി നോക്കണം."മേക്കപ്പ് വിഭാഗക്കാരോട് മോഹൻലാൽ. എല്ലാം സസൂക്ഷ്മം ശ്രദ്ധിച്ച് മോഹൻലാൽ പറയുമ്പോൾ അത്ഭുതം തോന്നാം.എത്രയോ വർഷമായി നടൻ എന്ന അനുഭവസമ്പത്തുള്ള ആൾ ഇപ്പോഴും ഇത്രയും ആത്മസമർപ്പണം നടത്തുമ്പോൾ സ്നേഹവും ബഹുമാനവും ഇരട്ടിക്കുന്നു. ലൊക്കേഷനിൽ കുട്ടികളെ പോലെ ഒാടി നടക്കുകയാണ് മോഹൻലാൽ.രാവിലെ വൈകി ലൊക്കേഷനിൽ വരുന്നവർക്ക് മോഹൻലാലിന്റെ വാഹനം കാണുമ്പോൾ നാണക്കേട് തോന്നും. രാത്രി വൈകി ചിത്രീകരണം ഉണ്ടായാൽ രാവിലെ വൈകിയേ മോഹൻലാൽ വരികയുള്ളൂ എന്നു കരുതിയാൽ വെറുതേയാകും. എല്ലാത്തരം പ്രേക്ഷകർക്കും മാത്രമല്ല,ഏതു ഭാഷകാർക്കും ആസ്വദിക്കാൻ കഴിയുന്ന സിനിമയായാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്യുന്നത്. 'ബ്രേക്ക്."മോഹൻലാൽ ശബ്ദം വീണു.
വിവിധ ഭാഷകളിലായി ത്രി ഡി സിനിമയായാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്യുന്നത് . അതിനാൽ സാധാരണ സിനിമ പോലെയല്ല ചിത്രീകരണം. ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തിന്റെ സംവിധായകനായ ജിജോ ആണ് ബറോസിന്റെ രചന നിർവഹിക്കുന്നത്. ലൊക്കേഷനിൽ ജിജോയുണ്ട്. മോഹൻലാൽ എന്ന സംവിധായകന്റെ കൈയിൽ തിരക്കഥ ഭദ്രം.
മാറ്റമില്ലാതെ സൗമ്യത,ക്ഷമ
ബ്രേക്ക് സമയത്ത് സീനുകൾ കാണുകയാണ് മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും.ആന്റണി പെരുമ്പാവൂരിന്റെ സ്വപ്നതുല്യമായ സിനിമയാണ് ബറോസ്.ഛായാഗ്രാഹകൻ സന്തോഷ് ശിവൻ,മേൽനോട്ട ചുമതല വഹിക്കുന്ന സംവിധായകൻ ടി. കെ. രാജീവ് കുമാർ എന്നിവരുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കലും അടുത്തുണ്ട്.
''ലൊക്കേഷനിൽ ലാൽസാർ ഇതുവരെ ദേഷ്യപ്പെട്ട് കണ്ടില്ല. മുൻപത്തെ പോലെ തന്നെയാണ് സൗമ്യതയും ക്ഷമയും. ആർക്കും ടെൻഷൻ കൊടുക്കാതെ എല്ലാവരോടും സ് നേഹത്തോടെ സംസാരിക്കുന്നു.ലാൽസാറിന്റെ ആദ്യസംവിധാന സംരംഭത്തിന്റെ ഭാഗമായി ചിത്രങ്ങൾ പകർത്താൻ കഴിയുന്നത് ഭാഗ്യം തന്നെയാണ് . ഞാൻ തന്നെയാണോ ഇവിടെ നിൽക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.സംവിധാനം ചെയ്യുന്ന എന്റെ അടുത്ത സിനിമയുടെ ചിത്രീകരണം പോലും നീട്ടിവച്ചു.""അനീഷ് ഉപാസനയുടെ വാക്കുകൾ. അപ്പോൾ ഉച്ചവെയിൽ ചാഞ്ഞു. സമയം രണ്ടുമണി. 'ബ്രേക്ക് ഒാവർ". സംവിധായകൻ മോഹൻലാലിന്റെ ശബ്ദം വീണു.