
പുരുഷ ടെന്നിസിൽ ഏകഛത്രാധിപതിയായി റാഫേൽ നദാൽ
മെൽബൺ: അങ്ങനെ ചരിത്രം നദാലിന് വഴിമാറി. പുരുഷ ടെന്നിസിന് ഇനി ഒരേയൊരു രാജാവ് മാത്രം. ഇന്നലെ അഞ്ചരമണിക്കൂറോളം നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം ഡാനിൽ മെദ്‌വെദേവിനെ കീഴടക്കി സ്നാനിഷ് താരം റാഫേൽ നദാൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കുന്ന പുരുഷ താരമെന്ന ചരിത്രനേട്ടത്തിന് ഏക അവകാശിയായി മാറുകയായിരുന്നു.
റോജർ ഫെഡറർ,നൊവാക്ക് ജോക്കോവിച്ച് എന്നിവർക്കൊപ്പം 20 കിരീടങ്ങളുടെ റെക്കാഡ് പങ്കിടുകയായിരുന്ന നദാൽ കരിയറിലെ രണ്ടാമത്തെ ആസ്ട്രേലിയൻ ഓപ്പണിനൊപ്പമാണ് 21-ാം ഗ്രാൻസ്ളാം കിരീടങ്ങളുടെ ചരിത്രനേട്ടത്തിലെത്തിയത്.
5 മണിക്കൂർ 24 മിനിട്ട് നീണ്ട ഫൈനൽ പോരാട്ടത്തിനൊടുവിൽ 2-6,6-7(5/7),6-4,6-4,7-5 എന്ന സ്കോറിനാണ് നദാൽ മെദ്‌വെദേവിനെ തോൽപ്പിച്ചത്.ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷമുള്ള നദാലിന്റെ അതിഗംഭീരതിരിച്ചുവരവാണ് ഇന്നലെ മെൽബണിൽ കണ്ടത്.
ആദ്യ സെറ്റിൽ അഞ്ചാമത്തെയും ഏഴാമത്തെയും ഗെയിമുകളിൽ നദാലിന്റെ സർവ് ബ്രേക്ക് ചെയ്താണ് മെദ്‌വെദേവ് ആദ്യസെറ്റ് സ്വന്തമാക്കിയത്. 42 മിനിട്ടാണ് 6-2ന് ആദ്യസെറ്റ് സ്വന്തമാക്കാൻ റഷ്യൻ താരത്തിന് വേണ്ടിവന്നത്. ആദ്യസെറ്റിൽ നദാൽ അസ്ഥിരത കാട്ടിയപ്പോൾ ബേസ്‌ലൈനിൽ കേന്ദ്രീകരിച്ചായിരുന്നു മെദ്‌വെദേവിന്റെ കളി.
രണ്ടാം സെറ്റിന്റെ തുടക്കത്തിൽ നദാൽ മികച്ചുനിന്നു. നാലാം ഗെയിമിൽ മെദ്‌വെദേവിന്റെ സർവ് ബ്രേക്ക് ചെയ്യുകയും ചെയ്തു. എന്നാൽ ഏഴാം ഗെയിമിൽ തിരിച്ച് സർവ് ബ്രേക്ക് ചെയ്ത് മെദ്‌വദേവ് മടങ്ങിവന്നു.അടുത്ത ഗെയിമിൽ നദാലും പിന്നാലെ മെദ്‌വദേവും വീണ്ടും ബ്രേക്ക് ചെയ്തതോടെ മത്സരം 5-5 എന്ന നിലയിലായി. തുടർന്ന് ടൈബ്രേക്കറിൽ റഷ്യൻ താരം വിജയം കണ്ടു.ടൈബ്രേക്കറിലും പിന്നിൽ നിന്നശേഷമായിരുന്നു മെദ്‌വദേവിന്റെ വിജയം.
മൂന്നാം സെറ്റിലെ എട്ടാം ഗെയിംവരെ ഇരുതാരങ്ങളും തങ്ങളുടെ സർവ് കാത്ത് മുന്നേറി. ഒൻപതാം ഗെയിമിൽ മെദ്‌വദേവിന്റെ സർവ് തകർത്ത് നദാൽ തിരിച്ചുവന്നത് മത്സരത്തിലേക്കുകൂടിയായിരുന്നു. 64 മിനിട്ടുകൊണ്ടാണ് നദാൽ 6-4ന് മൂന്നാം സെറ്റ് സ്വന്തമാക്കിയത്.നാലാം സെറ്റിലും നദാൽ ആധിപത്യം പുലർത്തിയതോടെ മത്സരം നിർണായകമായ അഞ്ചാം സെറ്റിലേക്ക് കടന്നു. അഞ്ചാം സെറ്റിൽ മെദ്‌വദേവിന്റെ സർവ് ബ്രേക്ക് ചെയ്ത് 4-3ന് മുന്നിലെത്തിയതോടെ നദാലിന്റെ ആത്മവിശ്വാസം ഇരട്ടിയായി.എന്നാൽ 5-5ന് സമനിലയിലെത്തിച്ച് മെദ്‌വദേവ് വീണ്ടും ആവേശം വർദ്ധിപ്പിച്ചു.പക്ഷേ തുടർച്ചയായി രണ്ട് ഗെയിം പോയിന്റുകൾ നേടി നദാൽ ചരിത്രനേട്ടം സ്വന്തം പേരിൽ കുറിച്ചു.
നദാലിന്റെ ഗ്രാൻസ‌്ളാമുകൾ
ആസ്ട്രേലിയൻ ഓപ്പൺ : 2009,2022
ഫ്രഞ്ച് ഒാപ്പൺ : 2005,2006,2007,2008,2010,2011,2012,2013,2014,2017,2018,2019,2020.
വിംബിൾഡൺ : 2008,2010
യു.എസ് ഓപ്പൺ : 2010,2013,2017,2019
13 വർഷത്തിന് ശേഷമാണ് നദാൽ ആസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനാകുന്നത്.
എല്ലാ ഗ്രാൻസ്ളാമുകളിലും ഒന്നിലേറെത്തവണ കിരീടം നേടുന്ന താരമാണ് നദാൽ.
2-ാം തവണയാണ് നദാൽ ആസ്ട്രേലിയൻ ഒാപ്പൺ കിരീടം നേടുന്നത്. രണ്ട് തവണ വിംബിൾഡണിലും കിരീടനേട്ടം.
13 തവണ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കി.യു.എസ് ഓപ്പണിൽ നാലു കിരീടങ്ങൾ.
ആസ്ട്രേലിയൻ ഒാപ്പൺ ഫൈനലിൽ ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായശേഷം വിജയം നേടുന്ന ആദ്യ താരമാണ് നദാൽ.
35-ാം വയസിലാണ് നദാൽ തന്റെ ചരിത്രനേട്ടത്തിലെത്തിയത്. ഇന്നലെ കീഴടക്കിയ മെദ്‌വെദേവിന് പ്രായം 25.
മൂന്ന് മാസം മുമ്പ് കാൽമുട്ടിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന നദാലിന് നടക്കാൻ ക്രച്ചസിന്റെ സഹായം വേണ്ടിവന്നിരുന്നു. അവിടെ നിന്നാണ് ഇന്നലെ അഞ്ചര മണിക്കൂറോളം പൊരുതി വിജയത്തിലെത്തിയത്.
എന്റെ കരിയറിലെ ഏറ്റവും വൈകാരികമായ നിമിഷമാണിത്. ഇൗ നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു.
- റാഫേൽ നദാൽ
വിസ്മയകരമായ നേട്ടമാണിത്. നദാലിന് എല്ലാഅഭിനന്ദനങ്ങളും
- റോജർ ഫെഡറർ.