
പ്യോംഗ്യംങ് : യു.എസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ എതിർപ്പ് വകവയ്ക്കാതെ ഇന്നലെ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. 2017ന് ശേഷം ഇതാദ്യമായാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈൽ ഉത്തരകൊറിയ പരീക്ഷിക്കുന്നതെന്നാണ് വിവരം. ഉത്തരകൊറിയ പുതുതായി പരീക്ഷിച്ച ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ 2000 കിലോ മീറ്റർ ഉയരത്തിലും 800 കിലോ മീറ്റർ ദൂരത്തിലും സഞ്ചരിച്ചുവെന്ന് ജപ്പാൻ അറിയിച്ചു. പിന്നീട് കൊറിയയുടെ കിഴക്കൻ ഭാഗത്തെ കടലിൽ മിസൈൽ പതിക്കുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. യു.എസിനെ വരെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് സൂചനയുണ്ട്. ആയുധ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ പുതിയ നടപടിയെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പ്രതികരിച്ചു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട മൊറട്ടോറിയം ലംഘിക്കാനുള്ള നീക്കമാണ് ഉത്തരകൊറിയയുടേതെന്ന് മൂൺ കൂട്ടിച്ചേർത്തു. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയ അടിയന്തര സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്.രാജ്യത്ത് പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണെങ്കിലും ആയുധ പരീക്ഷണങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് ഉത്തരകൊറിയ. ഈ വർഷം ആരംഭിച്ചതിന് ശേഷം ഇത് ആറാം തവണയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.